Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ: ചുമതല വീതംവച്ച് സിപിഎമ്മും സിപിഐയും

cpm-cpi-logo

തിരുവനന്തപുരം∙ നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ സർക്കാരും സമുദായ സംഘടനകളും അണിചേരുന്നുവെങ്കിലും അണിയറയിലെ ഏകോപനം പൂർണമായും ഇടതുമുന്നണി നിർവഹിക്കും. ഇതിനായി ഓരോ ജില്ലയിലും നിശ്ചിത ദൂരം വിവിധ കക്ഷികൾക്കു പകുത്തു നൽകി. സിപിഎമ്മിനും സിപിഐക്കുമാണു മുഖ്യചുമതല. തിരുവനന്തപുരം ജില്ലയിൽ 44 കിലോമീറ്റർ നീളത്തിൽ മതിൽ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ 31 കിലോമീറ്റർ സിപിഎമ്മിന്റെ മേൽനോട്ടത്തിലായിരിക്കും. സിപിഐക്ക് 11 കിലോമീറ്റർ. മറ്റു കക്ഷികൾക്കെല്ലാം കൂടി ബാക്കി 2 കിലോമീറ്റർ മാത്രം.

മറ്റു ജില്ലകളിലും ഏതാണ്ട് ഇതേ അനുപാതമാണ്. ഓരോ ജില്ലയിലും കലക്ടർ അധ്യക്ഷനായി സംഘാടക സമിതിയുണ്ട്. സമുദായ സംഘടനകൾ രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയാണു മറ്റൊരു സംഘാടകർ. എൽഡിഎഫിന്റെ മഹിളാ സംഘടനകൾ ചേർന്നുള്ള സംഘാടക സമിതിയുമുണ്ട്. ഇവയെ ഓരോ ജില്ലയിലും ഏകോപിപ്പിക്കുന്ന ജോലി പ്രധാനമായും സിപിഎമ്മിന്റെയും സിപിഐയുടെയും കമ്മിറ്റികൾക്കാണ്.

ജില്ലകളിലെ പൊതുയോഗങ്ങളുടെ ചുമതലയും ഇങ്ങനെ വിഭജിച്ചിട്ടുണ്ട്. തങ്ങൾക്കു ചുമതലയുള്ള സ്ഥലങ്ങളിൽ മതിലിൽ വിള്ളൽ വീഴാതെ നോക്കുക അതതു പാർട്ടികളുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. സമുദായ സംഘടനകളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുമ്പോൾ തന്നെ മതിൽ ഉയർത്തുന്ന ജോലി ഇടതുമുന്നണി തന്നെ നിർവഹിക്കാനാണു നിർദേശം. മൈക്കിലുള്ള അറിയിപ്പിനു വരെ ഇങ്ങനെ ചുമതല വിഭജിച്ചു നൽകിയിട്ടുണ്ട്.

മതിലിൽ സ്ത്രീകളും പെൺകുട്ടികളും മാത്രമായിരിക്കും അണിനിരക്കുക. റോഡിന്റെ മറുഭാഗത്തായിരിക്കും പുരുഷന്മാർ. അതും ഒരു മതിലായി മാറുമെന്നാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയടക്കം നേതാക്കൾ പൊതുയോഗങ്ങളിൽ പങ്കെടുത്തായിരിക്കും മതിലിനു നേതൃത്വം നൽകുക. വനിതാ നേതാക്കളായ വൃന്ദാ കാരാട്ടും ആനി രാജയും തലസ്ഥാനത്തെ വനിതാ മതിലിൽ അണിചേരും.

വനിതാ മതിലിലെ പ്രതിജ്ഞ

പുതുവർഷ ദിനത്തിൽ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്. ഭ്രാന്താലയമെന്നു നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്നു ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂർണമായ സമരങ്ങളാണ് അതിനു കാരണമായതെന്ന് നാം തിരിച്ചറിയുന്നു. മേൽമുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂർവം നമ്മൾ ഓർക്കുന്നു.

അടിമത്തത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങൾ അനുസ്മരിക്കുന്നു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മൾ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. മുന്നോട്ടുള്ള വളർച്ചയ്ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മൾ തിരിച്ചറിയുന്നു. അവരുടെ പ്രചാരണങ്ങളിൽ കുരുങ്ങിയവർ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണു നാം ഇവിടെ എത്തിയത്. പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണു സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സർഗാത്മകമാകുന്നത്.

സ്ത്രീസമത്വം എന്നതു സാമൂഹിക വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണു നാടിനെ സ്നേഹിക്കുന്നവർ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മൾ മനസ്സിലാക്കുന്നു. ഈ സംരംഭത്തിനു പിന്തുണ നൽകിയ കേരള സർക്കാരിന്റെ നിലപാടിനെ നമ്മൾ ആദരവോടെ കാണുന്നു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു.