Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്നത്തിന്റെ ശിഷ്യന്മാർ വ്യത്യസ്തരായത് അവർ ചർച്ച ചെയ്യേണ്ട കാര്യമെന്ന് കാനം

ആലപ്പുഴ∙ മന്നത്ത് പത്മനാഭന്റെ ശിഷ്യൻമാർ അതിൽ നിന്നു വ്യത്യസ്തമായി പോകുന്നത് അവർ ചർച്ച ചെയ്യേണ്ട കാര്യമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്നത്തിന്റെ ചരിത്രം കേരളത്തിലെ നവോത്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പോരാടിയ പാരമ്പര്യവും അദ്ദേഹത്തിനുണ്ട്.

നവോ‌ത്ഥാന മൂല്യങ്ങൾക്കു വേണ്ടി മന്നം നടത്തിയ പോരാട്ടങ്ങളെ കേരളം ഇപ്പോഴും ബഹുമതിയോടെ കാണുന്നു. ഏതു കാലത്തും മാറ്റങ്ങളെ എതിർക്കുന്ന യാഥാസ്ഥിതികരുണ്ട്. മുഖ്യധാരാ പാർട്ടികളാരും സ്ത്രീസമത്വത്തിന് എതിരല്ല. വനിതാ മതിലിൽ ഹൈന്ദവ സ്ത്രീകൾ മാത്രമല്ല, മനുഷ്യത്വം അവശേഷിക്കുന്ന എല്ലാ വിഭാഗവുമുണ്ട്.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതിനെതിരായുള്ള സ്നേഹമതിലാണത്. കേരളത്തിൽ കുറെക്കാലമായി കോൺഗ്രസും ബിജെപിയും ഒരുപോലെ പ്രവർത്തിക്കുന്നു. ശ്രീധരൻ പിള്ളയും രമേശ് ചെന്നിത്തലയും സഹോദരങ്ങളെപ്പോലെയാണ്–തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനത്തിനെത്തിയ കാനം മാധ്യമങ്ങളോടു പറഞ്ഞു.