Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിനു മുൻപേ മുറുമുറുപ്പ്; വിഎസും കാനവും നേർക്കുനേർ

vs-kanam

തിരുവനന്തപുരം / ആലപ്പുഴ∙ വനിതാ മതിലിന്റെയും എൽഡിഎഫ് വിപുലീകരണത്തിന്റെയും പേരിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേർക്കുനേർ. ഒരേ തൂവൽപക്ഷികളായി കണക്കാക്കിയിരുന്ന ഇരുനേതാക്കളും വനിതാ മതിലിനു തൊട്ടുമുൻപ് വാക്പോരിലേർപ്പെട്ടത് ഇടതുമുന്നണിയിൽ ചലനങ്ങളുണ്ടാക്കി.

ഐഎൻഎല്ലിനെയും കേരള കോൺഗ്രസി(ബി)നെയും മുന്നണിയിലെടുത്തതിന് എതിരായ വിഎസിന്റെ പ്രസ്താവന ആലപ്പുഴയിൽ കാനം തള്ളി. മുന്നണി വിപുലീകരണം എൽഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനമാണ്. അതിനോടാണു ബാധ്യത. ഈ തീരുമാനത്തിൽ സിപിഎമ്മിനു പങ്കുണ്ടെങ്കിൽ അതിൽ അംഗങ്ങളായ എല്ലാവർക്കും പങ്കുണ്ട്. വിഎസ് ഇപ്പോഴും സിപിഎം അംഗമാണെന്നാണു മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അദ്ദേഹമാണ് ആലോചിക്കേണ്ടത്. ഐഎൻഎൽ വർഗീയ പാർട്ടിയാണെന്ന് അഭിപ്രായമില്ല. 25 വർഷമായി എൽഡിഎഫിന്റെ ഭാഗമാണവർ. ബാലകൃഷ്ണ പിള്ളയുടെ പാർട്ടി പത്തനാപുരത്തു ജയിച്ച് ജനങ്ങളുടെ അംഗീകാരം നേടി. പഴയ കാലത്തെ ജാതകമൊന്നും നോക്കേണ്ട കാര്യമില്ല– കാനം പറഞ്ഞു.

കാനത്തിന്റെ പ്രതികരണം താൻ വനിതാ മതിലിനെതിരാണെന്ന വ്യാഖ്യാനം നൽകുമെന്ന സൂചനയോടെ വാർത്താകുറിപ്പിറക്കി വിഎസ് തിരിച്ചടിച്ചു. വർഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താൻ പറഞ്ഞതു വനിതാ മതിലിനെക്കുറിച്ചാണെന്നു കാനം തെറ്റിദ്ധരിച്ചതാവാം. ഇക്കഴിഞ്ഞ മാസങ്ങളിൽ, സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശത്തയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തിൽ അദ്ദേഹം അൽപം പിന്നിലായിപ്പോയതു മനസ്സിൽ മതിൽ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതു കൊണ്ടാകാം. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിന് എതിരാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെങ്കിൽ, അതു പിശകാണ്. കാനം ഇപ്പോഴും സിപിഐ ആണെന്നു തനിക്കു വ്യക്തമായ ബോധ്യമുണ്ട്. ഏതായാലും സിപിഎമ്മിന്റെ നിലപാടുകളെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തതയുണ്ടെന്നത് സന്തോഷകരമാണ് – വിഎസ് പറഞ്ഞു.

വർഗീയ ഫാഷിസ്റ്റുകളുടെയും സവർണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയിൽ നിൽക്കേണ്ടവരല്ല സ്ത്രീകളെന്നു സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവർ മതിൽ തീർക്കുന്നത്. തന്റെ നിലപാടുകളെക്കുറിച്ചു രമേശ് ചെന്നിത്തലയ്ക്ക് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കിയെന്നും വിഎസ് കൂട്ടിച്ചേർത്തു.

പരസ്പരം ഏറ്റുപാടിയവർക്ക് എന്തുപറ്റി: ചെന്നിത്തല

തിരുവനന്തപുരം∙ ഇതുവരെ വിഎസ് പറഞ്ഞിരുന്നതു കാനവും നേരെ തിരിച്ചും ഏറ്റുപാടിയ ശേഷം ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൗതുകകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാറ്റത്തിന്റെ അർഥം വായിച്ചു മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

related stories