Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭാ തർക്കം തീർക്കാൻ യോഗം വിളിക്കും: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിനു സർക്കാർ ഇരുകൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളി മുറ്റത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതു ബന്ധപ്പെട്ടവർക്കു മാത്രമല്ല, സമൂഹത്തിനാകെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് ഒഴിവാക്കണം. നല്ല നിലയ്ക്കു പ്രശ്നം പരിഹരിക്കണം. ഇരു കൂട്ടരെയും ഒന്നിച്ചു വിളിക്കണമോ പ്രത്യേകം പ്രത്യേകം വിളിക്കണമോയെന്നു സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭാതർക്ക പരിഹാരം: സർക്കാരിന് പിന്തുണയെന്ന് യാക്കോബായ സഭ

കൊച്ചി ∙ യാക്കോബായ – ഓർത്തഡോക്സ് സഭാതർക്കം ചർച്ചയിലൂടെ പരിഹരിക്കാനുള്ള സർക്കാർ തീരുമാനത്തിനു പൂർണ പിന്തുണ നൽകുന്നതായി യാക്കോബായ സഭ അറിയിച്ചു. ഒരു നൂറ്റാണ്ടായി തുടരുന്ന തർക്കം പരിഹരിക്കാൻ ഒട്ടേറെ കോടതിവിധികളുണ്ടായി. എന്നിട്ടും പരിഹാരമില്ല. മതം, വിശ്വാസം തുടങ്ങിയ കാര്യങ്ങളിൽ കോടതിവിധികളിലൂടെ ശാശ്വതപരിഹാരം സാധ്യമല്ല. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ കോടതിയും നിർദേശിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണു സർക്കാർ മുൻകൈയെടുത്തത്.

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മധ്യസ്ഥതയിൽ സഭാ സമാധാനത്തിനുവേണ്ടി ആരംഭിച്ച ചർച്ചകളും യാക്കോബായ സഭ പ്രതീക്ഷയോടെയാണു കാണുന്നത്. മാധ്യസ്ഥ്യ ചർച്ചയിലൂടെ സഭാ തർക്കം പരിഹരിക്കണമെന്ന നിലപാടാണു യാക്കോബായ സഭയ്ക്ക് എന്നുമുള്ളതെന്ന് സഭാ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് അറിയിച്ചു.

വനിതാ മതിലിൽ യാക്കോബായ സഭാ സംഘടനകളും

കൊച്ചി ∙ വനിതാ മതിലിൽ വനിതാ സമാജം, യൂത്ത് അസോസിയേഷൻ പ്രവർത്തകർ പങ്കെടുക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള വനിതാ മതിലിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് 2 സംഘടനകളും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 26നു ചേർന്ന എപ്പിസ്കോപ്പൽ സിനഡ് ഇത് അംഗീകരിച്ചു. സംഘടനകൾ എന്ന നിലയ്ക്കാവും പങ്കാളിത്തം. ഓരോ ഭദ്രാസനത്തിലെയും പ്രവർത്തകർ അതതു സ്ഥലത്താണു മതിലിൽ പങ്കു ചേരുകയെന്നു സഭാ വക്താവ് അറിയിച്ചു.

കേഫായുടെ പിന്തുണ

മണർകാട് ∙ യാക്കോബായ സഭയുടെ സേവന സംഘടനയായ ‘കേഫാ’ വനിത മതിലിനു പിന്തുണ നൽകി പങ്കെടുക്കുമെന്നു  പ്രസിഡന്റ് ഫാ.എം.ഐ.തോമസ് മറ്റത്തിൽ അറിയിച്ചു.

related stories