കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് പറയുന്നവർ ചെകുത്താന്മാർ: വെള്ളാപ്പള്ളി

vellappally
SHARE

ആലപ്പുഴ ∙ വനിതാമതിൽ കഴിയുമ്പോൾ കേരളം ചെകുത്താന്റെ നാടായി മാറുമെന്നു പറയുന്നവരാണു ചെകുത്താന്മാരെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാന വേദിയിൽ എത്തിയതായിരുന്നു വെള്ളാപ്പള്ളി.

‘എന്തു ദുഷ്ടമനഃസ്ഥിതിയാണ് ഇവർക്ക്. ആചാരസംരക്ഷണമല്ല, അധികാര സംരക്ഷണമാണു ലക്ഷ്യം. ക്ഷേത്ര അധികാരങ്ങൾ പോകുമെന്ന ഭീതിയാണ് ഇക്കൂട്ടർക്ക്. ചാതുർവർണ്യ വ്യവസ്ഥ ഇപ്പോഴും കേരളത്തിലുണ്ട്. വനിതാമതിലിന്റെ വിജയം നവോത്ഥാന മൂല്യങ്ങൾക്കായി നിലകൊള്ളുന്നവരുടെ വിജയമാണ്. ഒന്നാം തീയതി തന്നെ വനിതാ മതിൽ സംഘടിപ്പിച്ചതു ചരിത്രപരമായ മണ്ടത്തരമാണെന്ന ശിവഗിരി മഠത്തിൽ നിന്നുള്ള പ്രസ്താവനയോടു തർക്കിക്കാനില്ല. ചരിത്രപരമായ മണ്ടത്തരമാണോയെന്നു കാലം തെളിയിക്കും’– വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിൽനിന്നു തന്നെയാണു വനിതാമതിലിന്റെ തുടക്കമെന്നു പാതിരപ്പള്ളിയിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ വിധിയുണ്ടായാൽ എതിർക്കാൻ ഒരു സർക്കാരിനും സാധിക്കില്ല. കോൺഗ്രസും ബിജെപിയും സുപ്രീം കോടതി വിധിയെ മാനിക്കുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, ഒന്ന് ഇളകിക്കിട്ടിയതോടെ അവസരം പ്രയോജനപ്പെടുത്താൻ അവരിറങ്ങി. ശബരിമലയെ രാഷ്ട്രീയം വളർത്താനുള്ള വേദിയായി കണ്ടു.

ജാതിമതിലെന്നു സുകുമാരൻ നായരും രമേശ് ചെന്നിത്തലയും ആവർത്തിച്ചു പറയുന്നു. എന്നാൽ ഇവരാണു യഥാർഥത്തിൽ ജാതി വളർത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു താക്കോൽ ചോദിച്ചു വാങ്ങിയതു സുകുമാരൻ നായരും അതു നൽകിയതു രമേശ് ചെന്നിത്തലയ്ക്കുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഒത്തുപിടിച്ച് എസ്എൻഡിപി

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിയും മകൾ വന്ദനയും വനിതാമതിലുമായി സഹകരിച്ചപ്പോൾ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഭാര്യയും എത്തിയില്ല. വനിതാമതിലിൽ പങ്കെടുക്കാൻ ബിഡിജെഎസ് പ്രവർത്തകർക്കു വിലക്കില്ലെന്നു തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ശിവഗിരിയിലെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണു തുഷാർ എത്താതിരുന്നതെന്നും എന്നാൽ ശിവഗിരിയിൽ പോയോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിന്റെ ഭാര്യ ആശ വനിതാമതിലിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, അടുത്ത ബന്ധുവിന്റെ മരണം കാരണം എത്തിയില്ല.

എസ്എൻഡിപി ദേവസ്വം സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരയാക്കണ്ടി സന്തോഷ് തലശ്ശേരിയിൽ ഉദ്ഘാടന യോഗത്തിൽ പ്രസംഗിച്ചു. ബിഡിജെസ് ഭാരവാഹി എന്ന നിലയിലല്ല; എസ്എൻഡിപി പ്രതിനിധിയായാണു പങ്കെടുത്തത് എന്ന് അദ്ദേഹം വിശദീകരിച്ചു.

എറണാകുളത്ത് എസ്എൻഡിപി കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ. ബി. കൃഷ്ണകുമാരി ഇടപ്പള്ളിയിൽ മതിലിൽ പങ്കാളിയായി. മലപ്പുറത്ത് എസ്എൻഡിപി യോഗം ഡയറക്ടർ രമേശ് കോട്ടേപ്പുറത്തിന്റെ ഭാര്യ ഷീന രമേശിന്റെ നേതൃത്വത്തിൽ വനിതാവിഭാഗം സജീവമായി പങ്കെടുത്തു. മിക്ക ജില്ലകളിലും എസ്എൻഡിപി സംസ്ഥാന, ജില്ലാ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തപ്പോൾ, ചിലയിടങ്ങളിൽ വിട്ടുനിന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA