മാവോയിസ്റ്റുകളെ പിടിക്കാൻ വനത്തിൽ പൊലീസിന്റെ ‘ഓപ്പറേഷൻ അനാക്കോണ്ട’

thuderbolt-attappadi
SHARE

തിരുവനന്തപുരം∙ മാവോയിസ്റ്റുകളെ പിടിക്കാൻ സംസ്ഥാന പൊലീസ് വനത്തിനുള്ളിൽ ശക്തമായ തിരച്ചിൽ തുടങ്ങി. ‘ഓപ്പറേഷൻ അനാക്കോണ്ട’ എന്ന പേരിൽ പൊലീസിലെ തണ്ടർ ബോൾട്സ്, നക്സൽ വിരുദ്ധ സേന, സായുധസേനാ ബറ്റാലിയൻ എന്നിവയും ലോക്കൽ പൊലീസും സംയുക്തമായാണു പരിശോധന നടത്തുന്നത്. രണ്ടു ദിവസമായി വൻ പൊലീസ് സംഘം വനത്തിലുണ്ട്. തമിഴ്നാട്, കർണാടകം എന്നീ അയൽ സംസ്ഥാന സേനകളുടെ സഹായവും തേടിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മനോരമയോടു പറഞ്ഞു. എന്നാൽ പൊലീസ് സംഘത്തിന്റെ എണ്ണമോ തിരച്ചിൽ നടക്കുന്ന സ്ഥലമോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

കണ്ണൂർ അമ്പായത്തോട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം തോക്കുമായി പ്രകടനം നടത്തിയതാണു പൊലീസിനെ ഞെട്ടിച്ചത്. അതിനു മുൻപു നാലഞ്ചു മാസമായി വയനാട്, കണ്ണൂർ, തൃശൂർ, പാലക്കാടു ജില്ലകളിലെ വനാതിർത്തികളിൽ മാവോയിസ്റ്റുകൾ ഇടയ്ക്കിടെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ മുൻപൊരിക്കലും ചെയ്യാത്ത കാര്യമായിരുന്നു സായുധ പ്രകടനവും ലഘുലേഖ വിതരണവും. അതു കഴിഞ്ഞു കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ ഇവർ വയനാടു വനത്തിനുള്ളിലേക്കു പോയെന്നാണു പൊലീസ് നിഗമനം.

ഇതിനു തൊട്ടുപിന്നാലെയാണു മാവോയിസ്റ്റുകളെ പിടിക്കാൻ ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തിരച്ചിൽ തുടങ്ങിയത്. 

പാലക്കാട്, കണ്ണൂർ, വയനാട് എസ്പിമാർ സംഘത്തിലുണ്ട്. കേരളത്തിലെ വനപ്രദേശത്തു എൺപതിലേറെ മാവോയിസ്റ്റ് പ്രവർത്തകർ ഇപ്പോഴുണ്ടെന്നാണു ഇന്റലിജൻസ് റിപ്പോർട്ട്. ഇവരിൽ ഭൂരിപക്ഷത്തെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്ക ആളുകളുടെയും ചിത്രവുമുണ്ട്. മലയാളികൾ ഈ സംഘത്തിൽ ഇല്ലെന്നാണു വിലയിരുത്തൽ. അമ്പായത്തോട്ടിൽ എത്തിയ സംഘത്തിലെ രണ്ടു പേർ ആന്ധ്ര സ്വദേശികളാണ്. ചിലർ ചോദ്യം ചെയ്യലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാൽ വ്യക്തമായ തെളിവില്ലാതെ അറസ്റ്റ് പാടില്ലെന്നു ഡിജിപി നിർദ്ദേശിച്ചു.

അമ്പായത്തോട്ടിൽ എത്തിയ സംഘം ഭക്ഷണം വാങ്ങാൻ എത്തിയതാണെന്നും കടയിൽ പണം നൽകിയെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വയരക്ഷയ്ക്കാണ് ഇവർ തോക്ക് കൊണ്ടുവന്നതെന്നും അത് .303 ഇനത്തിൽ പെട്ടതാണെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒരാൾ പോലും ഇതുവരെ കീഴടങ്ങിയിട്ടില്ല. അഞ്ചു ലക്ഷം രൂപ വരെ നൽകാമെന്നും തൊഴിൽ, പഠനം എന്നിവ ഉറപ്പാക്കാമെന്നും സർക്കാർ പറഞ്ഞിരുന്നു.

എന്നാൽ പണം വാങ്ങി കീഴടങ്ങില്ലെന്നു മാവോയിസ്റ്റുകൾ അവരുടെ മുഖപത്രത്തിലൂടെ വെളിപ്പെടുത്തി. അതിനു ശേഷമാണു ഏതാനും മാസമായി പല ഭാഗങ്ങളിലുടെ അവരുടെ സാന്നിധ്യം പ്രകടമാക്കിയത്. മാനന്തവാടിയിൽ കഴിഞ്ഞയാഴ്ച എത്തിയ മാവോയിസ്റ്റുകളെയും ഇതുവരെ പിടികൂടിയിട്ടില്ല. തവിഞ്ഞാൽ സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം അംഗവുമായ അനിൽകുമാറിന്റെ മരണം കൊലപാതകം എന്നാരോപിക്കുന്ന ലഘുലേഖയുമായിട്ടാണു സംഘം എത്തിയത്. അതിനു മുൻപു മലപ്പുറം വഴിക്കടവ് അളയ്ക്കൽ കോളനിയിൽ ആദിവാസികളെ പങ്കെടുപ്പിച്ചു മാവോയിസ്റ്റുകൾ യോഗം നടത്തിയിരുന്നു. 

സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച പത്തു നിരീക്ഷണ ക്യാമറകളും മാവോയിസ്റ്റുകൾ കടത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA