പുതുവർഷ ആഘോഷം: അപകടങ്ങളിൽ 14 മരണം

road-accident
SHARE

പുതുവർഷപ്പുലര‍ിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ 14 ജീവൻ പൊലിഞ്ഞു. കോഴിക്കോട്– ബാലുശ്ശേരി റോഡിൽ ഏഴേ ആറിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ചേളന്നൂർ പുനത്തിൽ താഴം– ചിറക്കുഴി റോഡ് വാളിപ്പുറത്ത് സുധാകരന്റെ മകൻ സ്നിജിൻ (22), കണ്ണങ്കര അഞ്ചാംവളവിനു സമീപം പൊറ്റങ്ങാടി ജയന്റെ മകൻ അഭിഷേക് (24) എന്നിവർ മരിച്ചു.  

കോയമ്പത്തൂരിൽ നിന്ന് പാലക്കാട് പുതുനഗരത്തെ ബന്ധുവീട്ടിൽ പുതുവർഷം ആഘോഷിക്കാനെത്തിയ കോയമ്പത്തൂർ ഇടയാർ പാളയംതെരുവ് കെ.അർഷാദ് (19), കുനിയംമുത്തൂർ കുറിഞ്ഞി നഗർ എം.റിയാസ് (18) എന്നിവർ മരിച്ചു. പട്ടഞ്ചേരി നന്ദിയോട് തങ്കം നിവാസിൽ പരേതനായ നാരായണന്റെ മകൻ ശശികുമാറി(45)നെ കനാലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്  മരിച്ചനിലയിൽ കണ്ടെത്തി.

തൃശൂർ ജില്ലയിൽ പുതുവൽസരാഘോഷത്തിൽ പങ്കെടുത്തു സൈക്കിളിൽ കൂട്ടുകാരനൊപ്പം മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥി ജീപ്പിടിച്ചു മരിച്ചു.  വാളൂർ വെള്ളാട്ടുപറമ്പൻ ജോസഫിന്റെ മകൻ ആൽഫിൻ (14) മരിച്ചത്. മലയാറ്റൂരിൽ കാർണിവൽ കണ്ടു ബൈക്കിൽ മടങ്ങിയ കൊരട്ടി മുള്ളൂക്കര അമൽ (24) അങ്കമാലി നായത്തോട് ജംക്‌ഷനിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. കൊരട്ടി റെയിൽവേ സ്റ്റേഷനു സമീപം കോട്ടമുറി മംഗലക്കര ജയന്റെ മകൻ ശ്രീകാന്ത് (21) ട്രെയിനിടിച്ചു മരിച്ചു.

ആലപ്പുഴ ജില്ലയിൽ 3 അപകടങ്ങളിലായി യുവദമ്പതികളും 2 കൗമാരക്കാരും മരിച്ചു. 31നു രാത്രി പന്ത്രണ്ടരയോടെ ചേർത്തല തിരുവിഴ കവലയ്ക്കു സമീപം നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കമ്പോണത്ത് അക്ഷയ് (18) മരിച്ചു. പുലർച്ച നാലിനു കലവൂരിലുണ്ടായ അപകടത്തിൽ നീർക്കുന്നം പാറപ്പള്ളിൽ തെക്കേതിൽ സനീഷും (25) ഭാര്യ രേഷ്മ (മീനു– 23) യും മരിച്ചു. ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി ഇടിച്ചാണ് അപകടം. രാവിലെ ആറിന് ആലപ്പുഴ ശവക്കോട്ടപ്പാലത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു മങ്കൊമ്പ് തെക്കേക്കര വേമ്പുന്താനം കൊച്ചുകളം വീട്ടിൽ സെബി തോമസ് മാത്യു (18) മരിച്ചു.

കൊല്ലത്ത് ശാസ്താംകോട്ടയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ‌ യാത്രക്കാരൻ പുത്തൂർ മാവടി അജയവിലാസത്തിൽ അജയൻ (29) മരിച്ചു.ചെറിയവെളിനെല്ലൂർ കാരയ്ക്കൽ കോളനിയിൽ അനിൽ ഭവനിൽ സുനിലിന്റെ മകൻ അനിൽകുമാർ (24) നിലമേലിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA