ഓപ്പറേഷൻ കനകബിന്ദു: വനിതാ മതില്‍ ഒഴിവാക്കി; നടയിലെത്തിച്ചത് ഗണപതിഹോമത്തിനിടെ

The-Entry
SHARE

ശബരിമല∙ കനകദുർഗയെയും ബിന്ദുവിനെയും 7 ദിവസം രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച് പൊലീസ് നടത്തിയ ആസൂത്രണത്തിലൂടെയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചു ദർശനം നടത്തിച്ചത്. സംസ്ഥാന പൊലീസ് മേധാവി, ഐജി ബൽറാം കുമാർ ഉപാധ്യായ, കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ, സന്നിധാനം എസ്ഒ ജയദേവ്, എഎസ്ഒ സുരേഷ്, പമ്പയിലെ ഏതാനും ഉദ്യോഗസ്ഥർ എന്നിവർക്കായിരുന്നു ചുമതല.

മണ്ഡലകാലത്ത് ഡിസംബർ 24ന് ദർശനത്തിനെത്തിയ ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കി കൊണ്ടുപോയി കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലാണ് താമസിപ്പിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 3 താവളങ്ങളിൽ ഇവർ താമസിച്ചു.

കോട്ടയത്തുള്ള ഏതാനും പൊലീസുകാർക്കായിരുന്നു സംരക്ഷണച്ചുമതല.

ഡിസംബർ 30നു നട തുറക്കുമ്പോൾ ദർശനം നടത്തിക്കാനായിരുന്നു നീക്കം. എന്നാൽ അന്നു തിരക്കായിരുന്നതിനാൽ 31 ലേക്കു മാറ്റി. അപ്പോൾ സർക്കാർ ഇടപെട്ടു. ജനുവരി ഒന്നിനു പുലർച്ചെ യുവതീദർശന വാർത്ത പുറത്തു വരുന്നതു വനിതാ മതിലിനു ദോഷം ചെയ്യുമെന്ന ആശങ്കയുയർന്നു. ഇതോടെ രണ്ടാം തീയതിയിലേക്കു മാറ്റി.

ഒന്നാം തീയതി രാത്രി 10.30 ന് കനകദുർഗയും ബിന്ദുവും വടശേരിക്കര കഴിഞ്ഞു പമ്പയിലേക്ക് വരികയാണെന്നൊരു അജ്ഞാത ഫോൺ സന്ദേശം പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി. 6 പേർ കൂടെയുണ്ടെന്നുമായിരുന്നു സന്ദേശം.

സ്വകാര്യ വാഹനത്തിൽ പൊലീസ് അകമ്പടിയിൽ യുവതികൾ പമ്പയിലെത്തി. അതിനു ശേഷം വനംവകുപ്പിന്റെ ആംബുലൻസിൽ സന്നിധാനത്തിനു സമീപം ബെയ്‌ലി പാലം വരെ എത്തിച്ചു. സംശയം തോന്നാതിരിക്കാൻ കൈയിൽ ഡ്രിപ്പ് ഇട്ടാണു ഇരുത്തിയത്. ആറു പൊലീസുകാർ മഫ്തിയിൽ യുവതികളുടെ പിന്നാലെ നിശ്ചിത അകലം പാലിച്ചു നടന്നു. വഴിയിൽ സംശയം ഉന്നയിക്കുന്ന പൊലീസുകാരോടും ദേവസ്വം ഗാർഡിനോടും ‘ഐജിയുടെ ഗസ്റ്റ്’ എന്നായിരുന്നു മറുപടി.

തുടർന്ന് അരവണ വിതരണ കൗണ്ടറിനു സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാർക്കുള്ള ഗേറ്റ് വഴി സന്നിധാനത്തെത്തിച്ചു. സന്നിധാനത്തെ ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വരെ മാറ്റിയിരുന്നു. സന്നിധാനം എസ്ഒ ജയദേവും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും ദിവസം പുലർച്ചെ നിർമാല്യത്തിനു വരാതിരുന്ന ജയദേവ് ഇന്നലെ ആ സമയം എത്തി.

കൊടിമരച്ചുവട്ടിൽനിന്ന് ബലിക്കൽപ്പുര വാതിലൂടെ ഇവരെ കടത്തിവിട്ടു. ഇവർ ഓടിയെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു കൊടുത്തു. 3.48ന് തിരുനടയുടെ ഏറ്റവും പിൻനിരയിൽ നിന്നാണു ദർശനം നടത്തിയത്.

ഈ സമയം ഗണപതിഹോമം നടക്കുകയായിരുന്നു. അതിനാൽ തന്ത്രി, മേൽശാന്തി, പരികർമികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപെട്ടില്ല. അയ്യപ്പന്മാർ തിരിച്ചറിയും മുൻപേ പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കി. ഗണപതി കോവിലിനു സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി. ഇതേ ആംബുലൻസിൽ തിരികെ കൊണ്ടു പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA