സ്വന്തം സ്ഥലത്തെ അടയ്ക്ക പറിച്ച ആദിവാസി യുവാവിന് ക്രൂരമർദനം

Police-Brutality
SHARE

പാലക്കാട് ∙സ്വന്തം സ്ഥലത്തു നിന്ന് അടയ്ക്ക പറിച്ച ആദിവാസി യുവാവിനെ മേ‍ാഷണക്കുറ്റം ആരേ‍ാപിച്ച് അർധരാത്രി വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തു. 

സ്റ്റേഷനിൽ വച്ചു പെ‍ാലീസും പരാതിക്കാരനും ചേർന്നു മർദിക്കുകയും മർദിച്ചയാളുടെ പേര് യുവാവിന്റെ മെ‍ാഴിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തതായി വിവരമുണ്ട്. 

സംഭവത്തിൽ പെ‍ാലീസിനു ഗുരുതരവീഴ്ച പറ്റിയതായി രഹസ്യാന്വേഷണവിഭാഗം റിപ്പേ‍‍‍ാർട്ട് ചെയ്തു. 

ഡിസംബർ 14ന് അർധരാത്രിയാണ് അട്ടപ്പാടി ഷേ‍ാളയൂർ ഊത്തുകുഴി ചാവടിയൂരിലെ പ്രശാന്തനെ (21) പൊലീസ് സ്റ്റേഷനിൽ മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തൻ തൃശൂർ മെഡിക്കൽ കേ‍ാളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പ്രശാന്തന്റെ സ്ഥലത്തെ അടയ്ക്ക അയാൾ അറിയാതെ ബന്ധു വഴി ഇരുട്ടാലിക്ക് അടുത്തുള്ള ജേ‍ാബ് പാട്ടത്തിനെടുത്തു. ഇതറിയാതെ സുഹൃത്ത് ശിവനെ‍ാപ്പം അടയ്ക്ക പറിച്ച യുവാവിനെതിരെ മോഷണം ആരോപിച്ചു ജേ‍ാബ് ഷേ‍ാളയൂർ പെ‍ാലീസിൽ പരാതി നൽകി. 

പരാതിക്കാരനെ‍ാപ്പം ഊരിലെത്തിയാണു പെ‍ാലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ വച്ചും മർദിച്ചതായി പരാതിയുണ്ട്. പ്രശന്തനെയും ശിവനെയും 15നു റിമാൻഡ് ചെയ്തു. 

പാലക്കാട് സ്പെഷൽ സബ് ജയിലിൽ വച്ചു തളർച്ചയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നു പ്രശാന്തനെ 16നു തൃശൂ‍ർ മെഡിക്കൽ കേ‍ാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തലയിൽ മർദനമേറ്റതായാണു നിഗമനം. ശിവനും മർദനമേറ്റിട്ടുണ്ട്. 

സ്റ്റേഷൻ ‍ഒ‍ാഫിസർ അറിയാതെയാണു യുവാവിനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചതെന്നു രഹസ്യാന്വേഷണ  റിപ്പോർട്ടിലുണ്ട്. 

ആദിവാസി സംഘടനകൾ ഇടപെട്ടതിനെ തുടർന്നു ജേ‍ാബിനെ പിന്നീട് അറസ്റ്റ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA