പ്രളയം: പുനർനിർമാണ പ്രവർത്തനങ്ങളെല്ലാം ഇഴയുന്നു

Kumarakom-flood-1a.jpg1
SHARE

തിരുവനന്തപുരം ∙ പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കുള്ള ഭവനനിർമാണം മുതലുള്ള എല്ലാ പ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുന്നുവെന്നു കണക്കുകൾ. പ്രളയം കഴിഞ്ഞ് 5 മാസമായിട്ടും വീടു പൂർണമായി തകർന്നവരിൽ പകുതി പേർക്കു മാത്രമാണ് ആദ്യഗഡു സഹായം നൽകിയത്. സർക്കാർ കണക്കനുസരിച്ച് 13,311 വീടുകൾ പൂർണമായി തകർന്നു. ഇവരിൽ സ്വന്തം ഭൂമിയിൽ വീടു നിർമാണം ആരംഭിച്ച 6597 പേർക്കുമാത്രമേ ആദ്യഗഡു സഹായം ലഭിച്ചിട്ടുള്ളൂ.

മലയോരമേഖലയിൽ 95, 000 രൂപയും സമതലപ്രദേശത്ത് ഒരുലക്ഷം രൂപയുമാണ് ആദ്യഗഡു. സഹകരണ സ്ഥാപനങ്ങൾ 2000 വീടുകൾ നിർമിച്ചു നൽകുമെന്നു സർക്കാർ അവകാശപ്പെടുന്നു. സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമി കണ്ടെത്തണം. 1075 പേരാണ് ഈ പട്ടികയിലുള്ളത്. ഇതിനുള്ള നടപടികൾ മെല്ലെപ്പോക്കിലാണ്.

2,43, 690 വീടുകളാണു ഭാഗികമായി തകർന്നത്. ഇവയിൽ 1,86,623 പേർക്ക് ഇതുവരെ ഒരുസഹായവും നൽകാനായില്ല. 57067 പേർക്കു സഹായധനം ലഭിച്ചു. 10,000 രൂപ മുതൽ 60,000 രൂപ വരെയാണ് 15 മുതൽ 30 ശതമാനം വരെ തകർന്ന വീടുകൾക്കു നൽകുന്നത്. പത്തിനകം ഈ തുക നൽകണമെന്നു മുഖ്യമന്ത്രി പിണറായി നിർദേശം നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്കു തുക നൽകുന്നതിനുമുൻപു വിശദപരിശോധന വേണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ അഭിപ്രായം.

ഈ പരിശോധന എപ്പോൾ പൂർത്തിയാകുമെന്നു നിശ്ചയമില്ല. റോഡ്, ജലവിതരണം, പരിസ്ഥിതി, കൃഷി, ജീവനോപാധി എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ രേഖകൾ തയാറാക്കുന്നതേയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA