തിരുവനന്തപുരം വിമാനത്താവളം: ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പും

Trivandrum-Airport
SHARE

തിരുവനന്തപുരം∙ രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള താൽപര്യവുമായി അദാനി ഗ്രൂപ്പും. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായുള്ള ടെൻഡറിൽ വ്യോമയാനമേഖലയിൽ രാജ്യാന്തര പ്രവർത്തനപരിചയമുള്ള കമ്പനിയുടെ പങ്കാളിത്തത്തോടെയായിരിക്കും അദാനി ഗ്രൂപ്പ് പങ്കെടുക്കുക.

വിഴിഞ്ഞം രാജ്യാന്തരതുറമുഖത്തിന്റെ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ പ്രത്യേക താൽപര്യമുണ്ട്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി, മംഗളൂരു എന്നിവയാണ് സ്വകാര്യപങ്കാളികളുടെ സഹായത്തോടെ വികസിപ്പിക്കുന്നത്. എല്ലാ വിമാനത്താവളങ്ങളുടെ ടെൻഡറിലും അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന.

രാജ്യത്തെ വമ്പൻ കമ്പനികളുടെ പട്ടികയിൽ ആദ്യ 10 റാങ്കിലുള്ള അദാനി ഗ്രൂപ്പിന് തുറമുഖ, ഖനന, ഊർജോൽപാദന മേഖലകളിൽ രാജ്യാന്തരപരിചയമുണ്ടെങ്കിലും വിമാനത്താവളനടത്തിപ്പിൽ പുതുമുഖങ്ങളാണ്. ഏഴു വർഷത്തെ പ്രവർത്തനപരിചയം ഉൾപ്പെടെയുള്ള ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് വിദേശത്തു മികച്ച പ്രവർത്തന റെക്കോർഡ് ഉള്ള കമ്പനിയുടെ പങ്കാളിത്തം തേടുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെ തുടക്കം മുതൽ എതിർത്ത സംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ വഴങ്ങാതെ വന്നതോടെ നടത്തിപ്പ് ഏറ്റെടുക്കാനായി തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (ടിയാൽ) രൂപം നൽകിയിരുന്നു. ടിയാലിന് ടെൻഡറിൽ പങ്കെടുക്കാനും ടെൻഡറിൽ പ്രത്യേക പരിഗണന ലഭിക്കുന്ന റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലിനും കേന്ദ്ര വ്യോമയാനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA