പൊലീസിലെ കുഴപ്പക്കാർ പ്രമോഷന് ബുദ്ധിമുട്ടും

Kerala-Police
SHARE

തിരുവനന്തപുരം ∙ പൊലീസിൽ സസ്പെൻഷൻ ഉൾപ്പെടെ ശിക്ഷാനടപടി നേരിടുന്നവർക്ക് ഇനി സ്ഥാനക്കയറ്റം എളുപ്പമാവില്ല. ശിക്ഷാ നടപടി സ്ഥാനക്കയറ്റത്തെ ബാധിക്കാതെ സംരക്ഷണം നൽകിയിരുന്ന കേരള പൊലീസ് നിയമത്തിലെ വകുപ്പ് 101–ലെ ആറാം ഉപവകുപ്പു റദ്ദാക്കി ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ സർക്കാരിനു പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കൂടുതൽ നിയന്ത്രണമുണ്ടാകും. ഇതു സംബന്ധിച്ച ശുപാർശ ഗവർണർക്കു നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. പ്രാബല്യം എന്നു മുതലാണെന്നു ഗവർണറുടെ അംഗീകാരം ലഭിച്ച ശേഷം പുറത്തിറക്കുന്ന ഓർഡിനൻസിലേ വ്യക്തമാവൂ.

സസ്പെൻഷൻ, പിഴ ശിക്ഷ, സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ശമ്പളത്തിൽ നിന്ന് ഇടാക്കൽ, ജോലിയും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം, ഡ്രില്ലും കായിക പരിശീലനവും, താക്കീത്, ശാസന, ഇൻക്രിമെന്റ് തടയൽ എന്നിവ ഉൾപ്പെടെ ശിക്ഷാ നടപടികൾക്കു വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമാണു വകുപ്പുതല സമിതിയുടെ പരിഗണനയ്ക്കു വിടുക. ശിക്ഷാ നടപടി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനു തടസ്സമാവില്ലെന്നു വ്യവസ്ഥ ചെയ്ത് 2011 ൽ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി 101(6) ആണു പുതിയ ഓർഡിനൻസിലൂടെ റദ്ദാക്കുന്നത്. കടുത്ത ശിക്ഷാനടപടിക്കു വിധേയരാകുന്നവരുടെ സ്ഥാനക്കയറ്റം പോലും സർക്കാർ തടഞ്ഞാൽ ഈ വകുപ്പു ചൂണ്ടിക്കാട്ടി അവർ കോടതിയിൽ പോയി അനുകൂല വിധി നേടുകയായിരുന്നു പതിവ്. 

സ്ഥാനക്കയറ്റം വകുപ്പുതല സമിതി തീരുമാനിക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രമോഷനു സമാനമായി കേരള സർവീസ് ചട്ടങ്ങൾ (കെഎസ്ആർ) അനുസരിച്ചു കേരള പൊലീസ് നിയമത്തിലെ സെക്​ഷൻ 101 (4) പ്രകാരമായിരിക്കും ഇനി സ്ഥാനക്കയറ്റവും ഗ്രേഡും നൽകുക. ശിക്ഷാനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം പിഎസ്‌സി അംഗം അധ്യക്ഷനും ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർ അംഗങ്ങളുമായ വകുപ്പുതല പ്രമോഷൻ സമിതിയാകും തീരുമാനിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA