നവോത്ഥാന സമിതിയിൽ വിള്ളൽ? ആകാംക്ഷയിൽ സിപിഎം

cpm-logo
SHARE

തിരുവനന്തപുരം ∙ എൻഎസ്എസും സർക്കാരും പൂർണമായും തെറ്റിയതോടെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയോടുള്ള എസ്എൻഡിപിയുടെ തുടർസഹകരണത്തിന്റെ കാര്യത്തിൽ സിപിഎമ്മിന് ആകാംക്ഷയേറി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനും യോഗം വൈസ് പ്രസിഡന്റുകൂടിയായ മകൻ തുഷാർ വെള്ളാപ്പള്ളിയും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വന്നതാണു പാർട്ടിക്കും സർക്കാരിനും തലവേദനയുണ്ടാക്കുന്നത്. വനിതാമതിൽ പുലരിയിൽ തന്നെ 2 യുവതികളെ ശബരിമലയിലെത്തിച്ചതു യോഗത്തെ ചൊടിപ്പിച്ചു.

വനിതാമതിലിനായി രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർ പ്രവർത്തനങ്ങളിലൂടെ സാമുദായിക സംഘടനകളെ എൽഡിഎഫിനോടു ചേർത്തുനിർത്താനാണു സിപിഎം തീരുമാനം. മതിലിനു ശേഷം വെള്ളാപ്പള്ളിയുമായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമായും സംസാരിച്ചു മുഖ്യമന്ത്രി തുടർസഹകരണം അഭ്യർഥിക്കുകയും ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി ‘മനോരമ’യോട്  പ്രതികരിച്ചു: ‘‘മതിലിന്റെ  കാര്യത്തിൽ വഞ്ചിക്കപ്പെട്ടതു കൊണ്ട് തുടർസഹകരണത്തിന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം യോഗം നേതൃസമിതികൾ കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കും. ജനറൽ സെക്രട്ടറിക്കു മാത്രമായി തീരുമാനിക്കാൻ കഴിയില്ല.’

പിന്നാക്ക – ദലിത് ഐക്യം

എൻഎസ്എസ് പൂർണമായും അപ്പുറത്തായതോടെ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിനു പ്രധാനമാണ്. ശബരിമലയുടെ കാര്യത്തിലെടുത്ത കടുത്ത നിലപാട് വിശ്വാസികളെ ശത്രുപക്ഷത്താക്കിയ സാഹചര്യത്തിൽ ചെറുതും വലുതുമായ ഈ ഹൈന്ദവ സംഘടനകളുടെ പിന്തുണ നിർണായകം. എൻഎസ്എസ് വോട്ടുകൾ  യുഡിഎഫിനും ബിജെപിക്കുമായി ചിതറുകയും എൽഡിഎഫിനു മറ്റു വിഭാഗങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്താൽ ക്ഷീണമുണ്ടാകില്ലെന്ന പ്രതീക്ഷയാണു സിപിഎമ്മിന്.

എതിർക്കാനുറച്ച് എൻഎസ്എസ്

യുവതികളെ രാത്രി രഹസ്യമായി സന്നിധാനത്തെത്തിക്കുകയും അടുത്ത ദിവസം ശ്രീലങ്കൻ യുവതി വന്നപ്പോൾ ഹർത്താൽ നടത്താത്തതെന്തേയെന്നു മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തതു വിശ്വാസി സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന വികാരത്തിലാണ് എൻഎസ്എസ്. അതിനാൽ ആരു വിമർശിച്ചാലും ഇക്കാര്യത്തിലെ വിയോജിപ്പ് പറഞ്ഞുകൊണ്ടേയിരിക്കും. അതേസമയം എൻഎസ്എസിനെ എതിർക്കുന്ന ആ വിഭാഗത്തിലെ ഒരു ബദൽ സംഘടനയെ പരിപോഷിപ്പിച്ചാലോയെന്ന ആലോചന സിപിഎമ്മിൽ സജീവമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA