സാമ്പത്തിക സംവരണനീക്കം നീതിനിഷേധം: വെള്ളാപ്പള്ളി

vellappally-natesan
SHARE

ആലപ്പുഴ ∙ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീം കോടതി തന്നെ പല വട്ടം വിധിച്ചതാണ്. പിന്നാക്ക വർഗങ്ങൾക്കാണു ഭരണഘടന സംവരണം നൽകിയിട്ടുള്ളത്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രം. സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണം.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കാൻ എസ്എൻഡിപി യോഗം ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാവുന്നതാണ്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്നു വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.

പ്രചാരണായുധം മാത്രം: കോടിയേരി

തിരുവനന്തപുരം ∙ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക സംവരണം ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു നടപ്പാക്കാൻ കഴിയില്ലെന്നതിനാൽ അതു പ്രചാരണത്തിനു മാത്രമുള്ളതാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തീരുമാനത്തെ സിപിഎം തത്വത്തിൽ സ്വാഗതം ചെയ്യുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരിച്ചടിയെത്തുടർന്നു മുന്നാക്കക്കാരും കയ്യൊഴിഞ്ഞുവെന്നു മനസ്സിലാക്കിയുള്ള മുദ്രാവാക്യമാണിതെന്നും കോടിയേരി പറഞ്ഞു.

സാമ്പത്തിക സംവരണം സ്വാഗതം ചെയ്ത് കെ.എം. മാണി

കോട്ടയം ∙  മുന്നാക്കക്കാർക്ക്  പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോൺഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ കെ.എം മാണി. ഈ ആവശ്യം പതിറ്റാണ്ടുകൾക്ക് മുൻപേ കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നതാണ്. ഇത് നേരത്തെ നടപ്പാക്കേണ്ടതായിരുന്നുവെന്ന് കെ.എം മാണി പറഞ്ഞു.

സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം: മുസ്‌ലിം ലീഗ്

കോഴിക്കോട് ∙ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഭരണഘടനാവിരുദ്ധവും സംവരണ തത്വത്തിന്റെ ലംഘനവുമാണെന്നു മുസ്‌ലിം ലീഗ്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തെ ചെറുത്തു തോൽപിക്കും. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുകൊണ്ടുള്ള ഈ നീക്കം രാഷ്ട്രീയപ്രേരിതവും ആത്മാർഥതയില്ലാത്തതുമാണ്. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള ഈ വെല്ലുവിളി നേരിടാൻ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA