ടൂറിസത്തിനുണ്ടാകുന്ന നഷ്ടംകൂടി താങ്ങാനാവില്ല: ഹൈക്കോടതി

Kerala-High-Court-2
SHARE

കൊച്ചി ∙ പ്രളയത്തിൽ പാടേ തകർന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഹർത്താൽ ടൂറിസം മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം കൂടി താങ്ങാൻ വയ്യെന്നു ഹൈക്കോടതി. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കേരളത്തിലെത്തുന്ന അവരുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയത് അവഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. കേരളത്തിൽ പൊതുസമാധാനം ഉറപ്പാക്കാനും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനും കോടതി ഇടപെടൽ ആവശ്യമാണ്. കഴിഞ്ഞ വർഷം 97 ഹർത്താലുകൾ നടന്നു. 2019 ൽ രണ്ടാഴ്ചയ്ക്കിടെ മൂന്നിനു ഹർത്താൽ, ഇന്നും നാളെയും പണിമുടക്ക്. ഹർത്താലിന്റെ പേരിൽ വൻനഷ്ടമുണ്ടാകുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കും. വ്യവസായ മേഖലയിൽ പണിമുടക്കിനു നോട്ടിസ് നൽകുന്ന പോലെയുള്ള നടപടികളെങ്കിലും ആവശ്യമാണെന്നും പറഞ്ഞു. 

ജനവികാരം കാണുന്നില്ലേ

കൊച്ചി ∙ ഹർത്താലിനെതിരായ ജനവികാരം ആരും കാണുന്നില്ലേ എന്നു വാദത്തിനിടെ  പരാമർശം. സർക്കാർ നടപടികൾ കടലാസിൽ മാത്രം പോരാ. ഹൈക്കോടതി ഫുൾബെഞ്ചിന്റെയും സുപ്രീം കോടതിയുടെയുമൊക്കെ വിധിന്യായങ്ങളുണ്ടായിട്ടും കോടതിയുടെ മൂക്കിനു താഴെ അക്രമങ്ങൾ അരങ്ങേറുന്നത് അനുവദിച്ചുകൂടാ. വ്യാപാരികൾ മാത്രമല്ല, അന്നന്നത്തെ ആഹാരത്തിനു പണിയെടുക്കുന്നവരൊക്കെ നിസ്സഹായരാണ്. 

ജനങ്ങളിൽ അത്മവിശ്വാസമുണ്ടാക്കണം. മറ്റൊരാളുടെ തൊഴിൽ തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല. നിയമനിർമാണം ഉണ്ടായില്ലെങ്കിൽ പൗരാവകാശ സംരക്ഷണത്തിനു കോടതികൾ ഇടപെടേണ്ടി വരുമെന്നും പരാമർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA