കോടതി പരിധിയിൽ അവ്യക്തത: ഷുക്കൂർ വധക്കേസ് റിപ്പോർട്ട് പരിഗണിച്ചില്ല

shukkoor
SHARE

തലശ്ശേരി ∙ സിപിഎം നേതാക്കൾ പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിച്ചില്ല. ഏതു കോടതിയാണു കേസ് പരിഗണിക്കേണ്ടത് എന്നു വ്യക്തത വരുത്താൻ കോടതി പബ്ലിക് പ്രോസിക്യൂട്ടർക്കു നിർദേശം നൽകി. നേരത്തേ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സിജെഎം) കോടതിയും സിബിഐ റിപ്പോർ‌ട്ട് പരിഗണിച്ചിരുന്നില്ല. നേരത്തേ ലോക്കൽ പൊലീസ് അന്വേഷിച്ച് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവരുൾപ്പെടെ 33 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികൾ.

ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ചു ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു കേസ് സിബിഐക്കു വിട്ടു. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ ഗൂഢാലോചന നടത്തിയോ എന്ന ഭാഗം മാത്രമാണു സിബിഐ അന്വേഷിച്ചത്. അതിന്റെ റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചെങ്കിലും കേസിന്റെ ഭൂരിഭാഗം അന്വേഷണവും നടത്തിയതു ലോക്കൽ പൊലീസ് ആയതിനാൽ തലശ്ശേരി കോടതിയിൽ സമർപ്പിക്കാനാവശ്യപ്പെട്ടു മടക്കി. ഇതേത്തുടർന്നാണു കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിൽ സമർപ്പിച്ചത്. ഏതു കോടതിയാണു പരിഗണിക്കേണ്ടത് എന്നതിൽ വ്യക്തത വേണമെന്ന്, ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പബ്ളിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി കോടതി കേസ് 29ലേക്കു മാറ്റുകയായിരുന്നു. അതിനായി ഇനി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കേണ്ടി വരും.

2012 ഫെബ്രുവരി 20നു കണ്ണൂർ തളിപ്പറമ്പ് പട്ടുവം അരിയിലിൽ സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചതിനു പകരമായി എംഎസ്എഫ് നേതാവു ഷുക്കൂറിനെ സിപിഎം പ്രവർത്തകർ നേതാക്കളുടെ അറിവോടെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണു കേസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA