വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി

ksrtc-bus
SHARE

തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനവുമായി കെഎസ്ആർടിസി. ജനുവരി 7ന് 8.55 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സ്വകാര്യ ബസ് പണിമുടക്ക് ദിവസം ലഭിച്ച 8.50 കോടി രൂപയായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോർഡ്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ 500 ബസുകളും 2550 കണ്ടക്ടർമാരും ഡ്രൈവർമാരും കുറഞ്ഞു. ഓടിയ കിലോമീറ്ററിൽ 1.5 ലക്ഷത്തിന്റെയും കുറവുണ്ടായി. എന്നിട്ടും റെക്കോർഡ് വരുമാനം നേടാനായത് മാനേജ്മെന്റിന് ആത്മവിശ്വാസം പകരുന്നു. യാത്രക്കാരുടെ തിരക്കനുസരിച്ച് റൂട്ടുകൾ പുനഃക്രമീകരിച്ചതാണ് വരുമാനവർധനയ്ക്ക് ഇടയാക്കിയത്.

ആറുമാസത്തിനുള്ളിൽ വരുമാനം 9 കോടി രൂപയാക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടതായി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ഓരോ ഇൻസ്പെക്ടർക്കും 8 ബസുകളുടെ പൂർണ ചുമതല നൽകും. അറ്റകുറ്റപ്പണിയും റൂട്ട് ആസൂത്രണവും മുതൽ വരുമാനവർധന വരെ ഇൻസ്പെക്ടർമാരുടെ ചുമതലയായിരിക്കും. ഈ വർഷം അവസാനത്തോടെ പെൻഷൻ ഒഴികെയുള്ള എല്ലാ ചെലവുകൾക്കും പണം സ്വയം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും തച്ചങ്കരി പറഞ്ഞു.

ഡീസൽ നിരക്ക് കുറയ്ക്കാൻ കത്തു നൽകി

തിരുവനന്തപുരം∙ കെഎസ്ആർടിസിക്കുള്ള ‍ഡീസൽ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി ഇന്ത്യൻ ഓയിലിന് കത്തുനൽകി. കർണാടക ട്രാൻസ്പോർട്ട് കോർപറേഷന് നൽകുന്ന നിരക്കിനേക്കാൾ കൂടിയ തുകയാണ് കേരളത്തിൽ നിന്ന് ഈടാക്കുന്നതെന്നും ഇതുമൂലം പ്രതിവർഷം 28 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നുമുള്ള കണക്കുകൾ സഹിതമാണ് കത്ത്. കർണാടക കോർപറേഷന് കിലോ ലീറ്ററിന് 1950 രൂപ കിഴിവു നൽകുമ്പോൾ കേരളത്തിന് 300 രൂപ മാത്രമേ അനുവദിക്കുന്നുള്ളൂ. 465 കിലോ ലീറ്ററാണ് പ്രതിദിനം കെഎസ്ആർടിസി ഉപയോഗിക്കുന്നത്. പ്രതിദിനം 7.67 ലക്ഷം രൂപ ഇതിലൂടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA