വിട്ടുതുറന്ന് സ്റ്റേഷനുകൾ; ട്രെയിൻ ചെക്ക് ഇൻ പാഴ്‌വേല ആകാനിട

railway-sabari
SHARE

കൊച്ചി ∙ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കം പ്രായോഗികത പരിശോധിക്കാതെയെന്നു വിമർശനം. ട്രെയിൻ പുറപ്പെടുന്നതിനു 20 മിനിറ്റ് മുൻപു സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്ന നിർദേശം, അകത്തേക്കു കടക്കാൻ ഒന്നിലേറെ വഴികൾ ഉളള സ്റ്റേഷനുകളിൽ പ്രായോഗികമല്ലെന്നതാണു പ്രധാന പോരായ്മ.

വിമാനത്താവളങ്ങളോ മെട്രോ സ്റ്റേഷനുകളോ പോലെ കൃത്യമായി അടച്ചുറപ്പുളള അതിരുകളുളള സ്ഥലങ്ങളല്ല റെയിൽവേ സ്റ്റേഷനുകൾ. ട്രാക്കിലൂടെ നടന്നും ഇടവഴികളിലൂടെയും സ്റ്റേഷനുകളിൽ ആർക്കും പ്രവേശിക്കാമെന്ന സ്ഥിതിയുണ്ട്.

പാളങ്ങൾ വേലി കെട്ടി സുരക്ഷിതമാക്കാതെ ഏതാനും സ്റ്റേഷനുകളിൽ മാത്രം പ്രവേശനം നിയന്ത്രിക്കുന്നതു കൊണ്ട് ഈ സംവിധാനം ഫലവത്താകില്ലെന്നു റെയിൽവേയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) കോടികൾ ചെലവിട്ടു സിസിടിവി ക്യാമറകളും ബാഗേജ് സ്കാനറുകളും ഉൾപ്പെടെ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സംവിധാനം കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മിക്കയിടത്തും ഇവ പ്രവർത്തിക്കുന്നില്ല. നിലവിലുളള സുരക്ഷാസംവിധാനങ്ങൾ പൂർണമായി പ്രവർത്തന ക്ഷമമാക്കാനാണു ആദ്യം നടപടി വേണ്ടതെന്നു യാത്രക്കാർ പറയുന്നു.

ചെക്ക് ഇൻ സംവിധാനം നടപ്പാക്കിയാൽ പുലർച്ചെയുളള ട്രെയിനുകളിൽ കയറിപ്പറ്റാൻ അസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുന്നതു വനിതാ യാത്രക്കാരെ ഉൾപ്പെടെ ബുദ്ധിമുട്ടിലാക്കും. ട്രെയിനിൽ‍ ജനറൽ ക്ലാസ് യാത്രക്കാർ പലരും അവസാന നിമിഷമാണു ടിക്കറ്റ് എടുക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ ദിവസം ശരാശരി 39,300 യാത്രക്കാരും എറണാകുളം ജംക്‌ഷനിൽ 29,800 യാത്രക്കാരുമാണു എത്തുന്നത്.

ട്രെയിനുകൾ സമയക്രമം പാലിക്കാത്ത സാഹചര്യങ്ങളിൽ കൃത്യസമയത്തു ചെക്ക് ഇൻ ചെയ്തവർ എന്തു ചെയ്യുമെന്നതും ചിന്താവിഷയമാണ്. ലോക്കൽ ട്രെയിനുകളും ദീർഘദൂര ട്രെയിനുകളും ഒരുമിച്ചു സർവീസ് നടത്തുന്ന കേരളത്തിൽ ചെക്ക് ഇൻ സംവിധാനം പ്രായോഗികമല്ലെന്നു സോണൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA