അക്രമം: സർക്കാർ ഗവർണർക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും

Pinarayi-Vijayan-and-P-Sathasivam
SHARE

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശത്തെ തുടർന്നു സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളും ക്രമസമാധാനനിലയും സംബന്ധിച്ചു ഗവർണർ പി.സദാശിവം മുഖ്യമന്ത്രിയിൽനിന്ന് ആവശ്യപ്പെട്ട അടിയന്തര റിപ്പോർട്ടിന് ഇന്നു സർക്കാർ മറുപടി നൽകിയേക്കും. കഴിഞ്ഞ വ്യാഴാഴ്ച ഗവർണർ ആവശ്യപ്പെട്ട അടിയന്തര റിപ്പോർട്ടിന് ഒരാഴ്ച കഴിഞ്ഞാണു സർക്കാർ മറുപടി നൽകുന്നത്. അക്രമങ്ങളെ തുടർന്നു സംസ്ഥാനത്തെ പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ വിവരങ്ങൾ ഗവർണർ ആരാഞ്ഞിരുന്നു.ഇതു സംബന്ധിച്ച കത്ത്  ദൂതൻവശം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തു വിടുകയായിരുന്നു. റിപ്പോർട്ട് തേടിയതായി ട്വിറ്ററിലൂടെ ഗവർണർ വെളിപ്പെടുത്തുകയും ചെയ്തു.

ഗവർണർ റിപ്പോർട്ട് ചോദിച്ച സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പൊതു,സ്വകാര്യ സ്വത്തുക്കൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ വിശദാംശങ്ങൾ റവന്യൂ,പൊലീസ് വകുപ്പുകളിൽ നിന്നു സർക്കാർ ശേഖരിച്ചിട്ടുണ്ട്. ബിജെപി, സംഘപരിവാർ സംഘടനകൾ നടത്തിയ അക്രമങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് അറിയുന്നു. സംസ്ഥാനത്തെ ക്രമസമാധന നില സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ശനിയാഴ്ച ഗവർണർ ഫോണിൽ സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു ഗവർണർ പ്രത്യേക റിപ്പോർട്ട് നൽകും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്ക് എല്ലാ മാസവും ഗവർണർ നൽകുന്ന റിപ്പോർട്ടിലും ഇതു പരാമർശിക്കും. അക്രമ സംഭവങ്ങൾ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നു സർക്കാരിനു സംശയമുള്ള സാഹചര്യത്തിലാണു സംഘപരിവാർ സംഘടനകൾ നടത്തിയ അക്രമത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ഇടയ്ക്കു രണ്ടു ദിവസം പൊതുപണിമുടക്ക് വന്നതും റിപ്പോർട്ട് നൽകുന്നതു വൈകിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA