കോൺഗ്രസുമായി സഹകരിക്കാൻ കേരള ജനപക്ഷം

PC-George
SHARE

കോട്ടയം ∙ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ചു ചർച്ചകൾക്ക് 9 അംഗ സമിതിയെ ചുമതലപ്പെടുത്തി. ഇന്നലെ കോട്ടയത്തു ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. കഴിഞ്ഞ മാസം പി.സി. ജോർജ് എംഎൽഎ ഡൽഹിയിൽ സോണിയ ഗാന്ധിയുടെ ഓഫിസുമായി ചർച്ച നടത്തിയിരുന്നു. ശബരിമല യുവതീപ്രവേശത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുത്ത ജനപക്ഷം ബിജെപിയിലേക്കു നീങ്ങുകയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണു യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്.

മതേതര ജനാധിപത്യ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാൻ ബിജെപിക്കാകുന്നില്ലെന്നു പി.സി. ജോർജ് പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനു എൽഡിഎഫിനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അനൂകൂലമായി സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ചു ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപ ചന്ദ്രനെ പുറത്താക്കി. 

പി.സി. ജോർജിന്റെ ആഗ്രഹം അസാധ്യം: കേരള കോൺഗ്രസ് (എം)

കോട്ടയം∙ നിലപാടുകളിലെ സ്ഥിരമില്ലായ്മയാണു പി.സി.ജോർജിന്റെ എക്കാലത്തെയും നിലപാടെന്നു കേരള കോൺഗ്രസ് (എം). കോൺഗ്രസുമായി സഹകരിക്കണം എന്ന ജോർജിന്റെ ആഗ്രഹത്തെ അസാധ്യം എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. സിപിഎമ്മിനെ വിമർശിക്കുകയും പിന്നെ പ്രശംസിക്കുകയും നിയമസഭയിൽ ബിജെപിക്ക് ഒപ്പം കറുത്ത വേഷമിട്ട് ഇരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കോൺഗ്രസ് സ്നേഹം പ്രകടിപ്പിക്കുന്നത് അപഹസ്യമാണെന്നും കേരള കോൺഗ്രസ് (എം) കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA