കെപിസിസി പുനഃസംഘടന തിരഞ്ഞെടുപ്പിനു ശേഷം

Congress-logo
SHARE

ന്യൂഡൽഹി∙  ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കെപിസിസി അടിമുടി അഴിച്ചുപണിയേണ്ടെന്നു സംസ്ഥാന നേതൃത്വത്തിൽ ധാരണ. സമഗ്ര അഴിച്ചുപണി പാർട്ടിക്കുള്ളിൽ ചേരിപ്പോരിനു വഴിമരുന്നിടുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തലിൽ, കരുതലോടെ നീങ്ങാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുത്ത യോഗം തീരുമാനിച്ചു.

പൂർണ പുനഃസംഘടന തിരഞ്ഞെടുപ്പിനു ശേഷമുണ്ടാവും. പ്രചാരണത്തിന് ഊർജം പകരാൻ കഴിവുള്ള ഏതാനും പേരെ ഉൾപ്പെടുത്തിയും കാര്യക്ഷമമല്ലാത്ത ചിലരെ ഒഴിവാക്കിയുമുള്ള താൽക്കാലിക പുനഃസംഘടന ഇപ്പോൾ നടപ്പാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്തു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുമതിയോടെ 15നു മുൻപ് പുനഃസംഘടന സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നു മുല്ലപ്പള്ളി അറിയിച്ചു.

ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികൾ ആവശ്യപ്പെട്ടു രംഗത്തുള്ള മുൻ ഡിസിസി പ്രസിഡന്റുമാർ, യുവാക്കൾ, വനിതകൾ എന്നിവരെ തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കും. താൽക്കാലികാശ്വാസമെന്ന നിലയിൽ, തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ സമിതികളിൽ ഇവരെ ഉൾപ്പെടുത്തും. നിലവിലെ ഭാരവാഹികളിൽ രോഗബാധിതരുൾപ്പെടെയുള്ള ഏതാനും പേർക്കു സജീവ പ്രവർത്തനത്തിനു ബുദ്ധിമുട്ടുണ്ടെങ്കിലും ഇവരെ തൽക്കാലം മാറ്റില്ല. പുനഃസംഘടനയിൽ പുതുമുഖങ്ങൾക്കു പ്രാമുഖ്യം നൽകണമെന്നു ഹൈക്കമാൻഡ് നിർദേശിച്ചു. പ്രവർത്തക സമിതിയംഗങ്ങളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, സമിതി സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ എന്നിവരുമായും മുല്ലപ്പള്ളി ചർച്ച നടത്തി. 

കേരള പര്യടനം അടുത്ത മാസം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന കേരള പര്യടനം ഫെബ്രുവരി മൂന്നിനു കാസർകോട്ടു നിന്നാരംഭിക്കും. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27നു തിരുവനന്തപുരത്തു സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പര്യടനത്തിന്റെ ഏകോപന ചുമതല വഹിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA