ആലപ്പാട് ഖനന പ്രശ്നം: 16 ന് ഉന്നതതല യോഗം

alappad-mineral-sand2
SHARE

തിരുവനന്തപുരം∙ കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. എന്നാൽ സമരസമിതി പ്രവർത്തകരെ ക്ഷണിച്ചിട്ടില്ല. ഖനനം നിർത്തിവയ്ക്കാതെ സർക്കാരുമായി ഒരു ചർച്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണു സമരസമിതിയും. മന്ത്രിമാരായ ഇ.പി. ജയരാജൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കൊല്ലം കലക്ടർ എസ്. കാർത്തികേയൻ തുടങ്ങിയവരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആർഇ (ഇന്ത്യൻ റെയർ എർത്‍സ്)യുടെ പ്രതിനിധികളുമാണു യോഗത്തിലുണ്ടാവുക.

ആലപ്പാട്ടെ കാര്യങ്ങളിൽ സർക്കാരിന് ഉത്തമ ബോധ്യമുണ്ടെന്നു മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം സംബന്ധിച്ചു വിശദപഠനം നടത്തും. രാത്രി ഈ പ്രദേശത്തു നടക്കുന്ന കരിമണൽ കള്ളക്കടത്തു തടയാൻ നടപടിയെടുക്കും. പ്രദേശവാസികൾ ഈ വിഷയത്തിൽ ഇതുവരെ നന്നായി സഹകരിച്ചിരുന്നു. സമരത്തിനുള്ള സാഹചര്യമെന്താണെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടായാൽ ചർച്ച വേണ്ടിവരുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ ഖനനം അനുവദിക്കാനാകില്ല. പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി റിപ്പോർട്ടിലെ ശുപാർശയനുസരിച്ചാണു ഖനനം നടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

∙ 'ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ സമരക്കാരുമായി ചർച്ചയ്ക്കു വ്യവസായ വകുപ്പ് മുൻകയ്യെടുക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിന്. വിഷയത്തിൽ നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കും.' - മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

∙ 'ആലപ്പാട്ടെ സമരം ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ല. ന്യായമായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും.' - കാനം രാജേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA