ആയൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 6 മരണം

ayoor-accident
SHARE

ആയൂർ (കൊല്ലം) ∙ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 6 പേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.15ന് എംസി റോഡിൽ ആയൂർ അകമൺ ഭാഗത്തായിരുന്നു അപകടം. നേർക്കുനേരെയുള്ള ഇടിയിൽ കാർ പൂർണമായും തകർന്നു. അഞ്ചുപേർ തൽക്ഷണം മരിച്ചു.

പത്തനംതിട്ട കവിയൂർ പടിഞ്ഞാറ്റുശേരി മണ്ണാക്കുന്നിൽ മനോജിന്റെ ഭാര്യ സ്മിത (34), മകൻ അഭിനജ് (8), മകൾ ഹർഷ (4), മനോജിന്റെ സഹോദരിയും വടശേരിക്കര തലച്ചിറ ഏറം കൈലാസ് ഭവനിൽ ഡി.സുരേഷ്‌കുമാറിന്റെ ഭാര്യയുമായ മിനി (48), മകൾ അഞ്ജന (21), സ്മിതയുടെ സഹോദരൻ ചെങ്ങന്നൂർ ആലാ കോണത്തേത്ത് വീട്ടിൽ സുദർശന്റെ മകൻ എ.എസ്. അരുൺ (ചന്തു–23) എന്നിവരാണു മരിച്ചത്.

ദുരന്തപ്പകലിന്റെ നടുക്കം മാറാതെ ആയൂർ

ആയൂർ ∙ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച വലിയ ശബ്ദംകേട്ട് അപകടസ്ഥലത്തേക്കു ഓടിയെത്തിയവർ കാറിനുള്ളിൽ രക്തവും മാംസാവശിഷ്ടങ്ങളും കണ്ടു ആദ്യം പകച്ചു. പിന്നീട് മനഃസാനിധ്യം വീണ്ടെടുത്താണു രക്ഷാപ്രവർത്തനം തുടങ്ങിയത്. കാറിന്റെ പകുതിയോളം ഭാഗം ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതുമൂലം രക്ഷാപ്രവർത്തനം വൈകി.

ayoor-accident-image-1
എംസി റോഡിൽ ആയൂർ അകമണ്ണിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.

കാറിലുണ്ടായിരുന്ന അഭിനജിനു മാത്രമാണ് അൽപം അനക്കം ഉണ്ടായിരുന്നത്. ഇതോടെ അഭിനജിനെയും മൂന്നരവയസുകാരി ഹർഷയെയും കാറിന്റെ പിൻവാതിലിന്റെ ചില്ലു തകർന്ന ഭാഗത്തുകൂടി പുറത്തെടുത്തു. അപകട സ്ഥലത്തു കൂടിയവരും പൊലീസും ചേർന്നു ബസ് പിന്നിലേക്കു തള്ളി മാറ്റിയാണു കാർ പുറത്തെടുത്തത്. കാറിലുണ്ടായിരുന്നവരെല്ലാം മരിച്ചിരുന്നു.

സമീപത്തെ വർക്ക്ഷോപ്പിൽനിന്നു കൊണ്ടുവന്ന ഇരുമ്പു ലിവറും മറ്റും ഉപയോഗിച്ചു കാർ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. സമീപത്തെ വർക്ക്ഷോപ് തൊഴിലാളികളും വ്യാപാരികളും മോട്ടോർ തൊഴിലാളികളുമാണു രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗത തടസവും ഉണ്ടായി.

കൊട്ടാരക്കര റൂറൽ എസ്പി ബി.അശോകൻ, പുനലൂർ‌ ഡിവൈഎസ്പി അനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ശിവസുധൻപിള്ള, ചടയമംഗലം, അഞ്ചൽ, കൊട്ടാരക്കര, കടയ്ക്കൽ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. എൻ.കെ. പ്രേമചന്ദ്രൻ എംപിയും സ്ഥലം സന്ദർശിച്ചു. അപകടത്തെ തുടർന്നു റോഡിൽ തളംകെട്ടിയ രക്തവും വാഹനത്തിന്റെ ഓയിലും അഗ്നിശമനസേന വെള്ളം പമ്പ് ചെയ്തു നീക്കം ചെയ്തു. വാഹനങ്ങൾ തെന്നി മറിയാതിരിക്കാൻ പാറപ്പൊടിയും  വിതറി.

ayoor-accident-1
എംസി റോഡിൽ ആയൂർ അകമൺഭാഗത്തുണ്ടായ അപകടത്തിൽ തകർന്ന കാർ.

മരണസംഖ്യ ഏറി; ആശങ്കയും

അപകടം ഉണ്ടായെന്ന വാർത്ത പരന്നതോടെ ആയൂർ അകമൺ ഭാഗത്തേക്കു നാട്ടുകാർ ഒഴുകി. ഗതാഗതക്കുരുക്ക് കാരണംആയൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അകമൺ ഭാഗത്തെ പഴയ റോഡിലൂടെ കടത്തി വിട്ടു.  മരണസംഖ്യ ഉയർന്നതു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും പൊലീസിനെയും ആശങ്കയിലാക്കി.

ജീവന്റെ തരി അൽപമെങ്കിലും ബാക്കിയുണ്ടായിരുന്ന അഭിനജിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കാണു കെണ്ടുപോയത്. ആ കുരുന്നിനെയെങ്കിലും ജീവിതത്തിലേക്കു തിരികെ കൊണ്ടുവരണേ എന്നു എല്ലാവരും പ്രാർഥിച്ചു. എന്നാൽ 2 മണിക്കൂർ കഴിഞ്ഞതോടെ അഭിനജിന്റെ മരണവും പൊലീസ് സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്നവരെ പൊലീസ് ജീപ്പിലും ആംബുലൻസുകളിലുമായാണ് ആശുപത്രികളിൽ എത്തിച്ചത്. അപകടത്തിൽ തകർന്ന കാർ ക്രെയിൻ ഉപയോഗിച്ചാണു മാറ്റിയത്.

തിരിച്ചറിയാൻ സഹായിച്ചത് രേഖകൾ

ആയൂർ ∙ കാറിലുണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്ന രേഖകളും മൊബൈൽ ഫോണുകളിലേക്കുവന്ന വിളികളുമാണ് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ സഹായകമായത്. കാറിൽനിന്നു മിനിയുടെ ആധാർ, അഞ്ജനയുടെ ഡ്രൈവിങ് ലൈസൻസ്, അരുണിന്റെ ആധാർ എന്നിവ ലഭിച്ചു.  ആധാറിലെ വിലാസം മനസിലാക്കിയ പൊലീസ് വടശ്ശേരിക്കര പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു.

അരുൺ ഇല്ലാത്ത വീട്ടിൽ ഇനി ഇവർ തനിച്ച്

ayoor-arun-house
ആയൂർ വാഹനാപകടത്തിൽ മരിച്ച അരുണിന്റെ ആലായിലെ വീട്ടിൽ ദുഃഖിതരായിരിക്കുന്ന ബന്ധുക്കളും നാട്ടുകാരും.

ആലാ ∙ ‘അപ്പച്ചിക്കൊപ്പം  പോകുന്നെന്നു പറഞ്ഞല്ലേ നീ പോയത് ? മടങ്ങി വരാത്തതെന്താ ? ഇനി ഞങ്ങൾക്കാരുണ്ട് ?  ഹൃദയം നുറുങ്ങുന്ന വേദനയിൽ കരച്ചിലിനൊപ്പം രജനിയുടെ വാക്കുകൾ. കേട്ടു നിന്നവരുടെയൊക്കെ കണ്ണുകളെ ഈറനണിയിച്ചു. ചെറിയ വീട്ടിലെ മുറിയിൽ സഹോദരി ആതിരയുടെ കരച്ചിലും ഉയർന്നു കേൾക്കാം. ആയുർവേദ നഴ്സിങ് കഴിഞ്ഞു നിൽക്കുകയാണ് ആതിര. സമീപത്തെ വീടുകളുടെ മുറ്റത്തൊക്കെ ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ. ആരും ഒന്നും പറയുന്നില്ലെങ്കിലും കണ്ണുകളിൽ വേദനയും നടുക്കവും.

എന്തു കാര്യത്തിനും  ഓടിയെത്തുമായിരുന്ന ചന്തു ഇനി ഇല്ലെന്നറിഞ്ഞു തകർന്നു നിൽക്കുകയാണു കൂട്ടുകാർ. വീടിന്റെ ഏക ആശ്രയമായിരുന്നു അരുൺ. ഇടയ്ക്കു കുറെനാൾ വാഹനഷോറൂമിലും ജോലിനോക്കി. ഡ്രൈവിങ്ങിനു പുറമെ സമയം കിട്ടുമ്പോഴൊക്കെ കേറ്ററിങ് സർവീസുകാർക്കൊപ്പവും ജോലിക്കു പോയി. പിതൃസഹോദരി സ്മിതയ്ക്കും കുടുംബത്തിനുമൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെയാണ് അപകടം.

ആയൂർ അപകടം: കാറിന്റെ പകുതി ബസിൽ ഇടിച്ചുകയറി

ആയൂർ (കൊല്ലം) ∙ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച കാർ ഓടിച്ചിരുന്നത് അരുണാണ്. കാറിന്റെ പകുതിയോളം ബസിന്റെ മുൻവശത്ത് ഇടിച്ചുകയറിയ നിലയിലായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്. അഭിനജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരും വ്യാപാരികളുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും സ്ഥലത്തെത്തി.

തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കട്ടപ്പനയിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ്. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ബസിൽ കാർ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഭിനജ്, അഞ്ജന എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെയും മറ്റുള്ളവരുടേതു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെയും മോർച്ചറികളിൽ.

അഭിനജ് തിരുവല്ല എസ്‍സിഎസ് സ്കൂളിൽ മൂന്നാം ക്ലാസിലെയും ഹർഷ കവിയൂർ എൻഎസ്എസ് സ്കൂളിൽ‌ പ്രീ പ്രൈമറി ക്ലാസിലെയും വിദ്യാർഥികളാണ്. ഇവരുടെ പിതാവ് മനോജ് ദുബായിലാണ്. റാന്നി സെന്റ് തോമസ് കോളജിൽ മൂന്നാം വർഷ ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയാണ് അഞ്ജന. ടാക്സി ഡ്രൈവറായ അരുണിന്റെ സംസ്കാരം ഇന്നു 2ന്. മാതാവ്: രജനി. സഹോദരി: ആതിര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA