എൽഡിഎഫും ജാഥയിലേക്ക് കടക്കണമെന്ന് സിപിഐ

cpi-logo
SHARE

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൽഡിഎഫ് സംസ്ഥാന പ്രചാരണ ജാഥയ്ക്കു തുടക്കമിടണമെന്നു സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ നിർദേശം. 

17 ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇൗ നിർദേശം പാർട്ടി മുന്നോട്ടു വയ്ക്കും. കോൺഗ്രസും ബിജെപിയും പ്രചാരണ ജാഥകൾക്ക് ഒരുങ്ങുന്നതു കൂടി കണക്കിലെടുത്താണ് ഈ നിർദേശം. ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ നിലപാടു വിശദീകരിക്കാനും കൂടുതൽ ജനപിന്തുണ നേടാനും ജാഥ ആവശ്യമാണെന്നു സിപിഐ ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30 ന് രാജ്യവ്യാപകമായി മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കാൻ സിപിഐ ദേശീയ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തും വിവിധ പരിപാടികൾ നടത്തും. പാർലമെന്റ് മണ്ഡലം കൺവൻഷനുകൾ ഇപ്പോൾ തുടരുകയാണ്. മണ്ഡലം ജാഥകൾ വിജയകരമെന്നു യോഗം വിലയിരുത്തി.

ശബരിമല യുവതീപ്രവേശത്തെ തുടർന്നു നടത്തിയ ഹർത്താലിന്റെ മറവിൽ വ്യാപക അക്രമമാണ് ആർഎസ്എസ് അഴിച്ചുവിട്ടതെന്നും അതു ജനമധ്യത്തിൽ തുറന്നുകാട്ടാൻ കഴിഞ്ഞെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സർക്കാർ പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായി. ശബരിമലയെച്ചൊല്ലിയുള്ള വർഗീയ പ്രചാരണത്തിൽ നിന്നു രാഷ്ട്രീയ സംവാദത്തിലേക്കു വഴി തിരിച്ചുവിടാൻ ഇതുവഴി സാധിച്ചെന്നും യോഗം വിലയിരുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA