വിഎസ് സർക്കാരിന്റെ 2011ലെ സൗജന്യത്തിന് തിരിച്ചടി; 209 തടവുകാരെ വിട്ടതു റദ്ദാക്കി

high-court-kerala
SHARE

കൊച്ചി ∙ ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത 209 തടവുകാരെ ഇളവു നൽകി വിട്ടയച്ച 2011 ഫെബ്രുവരി 18 ലെ വിഎസ്. അച്യുതാനന്ദൻ സർക്കാരിന്റെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ഇളവു ശുപാർശ പുനഃപരിശോധിച്ചു സർക്കാരും ഗവർണറും 6 മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. മോചിതരായ പലരും ഹർജികളിൽ കക്ഷിയല്ലാത്തതിനാൽ ഗവർണറുടെ പുതിയ തീരുമാനം വരുന്നതുവരെ അവരെ ജയിലിലടയ്ക്കേണ്ടതില്ല.

രാഷ്ട്രീയ പരിഗണനയിൽ തടവുകാരെ വിട്ടയയ്ക്കുന്ന സർക്കാർ രീതിക്കു കനത്ത ആഘാതമാണു വിധി. 2011 ൽ മോചനം ലഭിച്ചവരിൽ 14 വർഷം തടവു പൂർത്തിയാക്കിയിരുന്നതു അഞ്ചിൽ താഴെ പേർ മാത്രം. 10 വർഷം കഴിഞ്ഞവർ നൂറിൽ താഴെയും. രാഷ്ട്രീയ കൊലപാതകക്കേസുകളിലും ശിക്ഷയിളവു നൽകിയിരുന്നു.

മോചിതരായവരുടെ കഴിഞ്ഞ 7 വർഷത്തെ പെരുമാറ്റം പുനഃപരിശോധനാ വേളയിൽ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതികളിൽ 14 വർഷം പൂർത്തിയാക്കാത്തവരുടെ കേസുകളിൽ ഇളവിനുള്ള സാഹചര്യമുൾപ്പെടെ പ്രസക്തമായ വസ്തുതകൾ സൂക്ഷ്മതയോടെ പരിശോധിക്കണം. ആറുമാസത്തിനകം ഗവർണറുടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇളവിന് അർഹതയില്ലെന്നു കണക്കാക്കി ശേഷിക്കുന്ന ശിക്ഷ കൂടി അനുഭവിക്കേണ്ടി വരുമെന്നു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസുമാരായ കെ. ഏബ്രഹാം മാത്യു, എ. കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ആ 209 പേരിൽ ജയകൃഷ്ണൻ വധക്കേസ് പ്രതിയും ആർഎസ്എസ് പ്രവർത്തകനും

തിരുവനന്തപുരം ∙ 2011ൽ മോചനം ലഭിച്ച 209 പേരിൽ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ, ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ഉത്തമൻ എന്നിവരും. വേറെയും സിപിഎം, ബിജെപി പ്രവർത്തകർക്കു മോചനം ലഭിച്ചിരുന്നു. കൊലക്കേസിൽ 14 വർഷം കഴി‍ഞ്ഞും ജയിലിൽ കഴിയുകയായിരുന്ന മെൽവിൻ പാദുവയുടെ ഭാര്യയാണ് സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പിന്നീടു കക്ഷിചേർന്നു. മെൽവിൻ പാദുവ 2013ൽ ജയിലിൽനിന്നു പുറത്തുവന്നു.

മോചനം ഈ ജയിലുകളിൽനിന്ന്

∙ നെട്ടുകാൽത്തേരി തുറന്ന ജയിൽ – 111

∙ കണ്ണൂർ – 45

∙ ചീമേനി – 24

∙ പൂജപ്പുര – 28

∙ പൂജപ്പുര വനിതാ ജയിൽ – 1

സുപ്രീം കോടതിയിൽ അപ്പീൽ നൽകും: ജയരാജൻ

തിരുവനന്തപുരം ∙ തടവുകാരുടെ മോചനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ. നിയമപരിശോധനയ്ക്കു ശേഷമാകും അപ്പീൽ നൽകുക. 2011 ൽ സർക്കാർ നിയമപരമായി എടുത്ത തീരുമാനമാണ്. അതിനാൽ അപ്പീൽ നൽകണമല്ലോ. അന്നു വിട്ടയച്ച 209 പേരിൽ ആരൊക്കെ മരിച്ചു, ആരൊക്കെ ജീവിച്ചിരിക്കുന്നു എന്നെല്ലാം പരിശോധിക്കണം – മനോരമയോടു ജയരാജൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA