കശ്മീരിൽ വീരമൃത്യു വരിച്ചത് മലയാളി മേജർ ശശിധരൻ

major-sasidharan
SHARE

ന്യൂ‍ഡൽഹി/ പുണെ/ കൊച്ചി ∙ ജമ്മു കശ്മീരിൽ നിയന്ത്രണരേഖയോടു ചേർന്നു പാക്ക് ഭീകരർ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ചത് മലയാളിയായ മേജർ ശശിധരൻ വി. നായരും (ശശി–33), ബംഗാൾ സ്വദേശിയായ റൈഫിൾമാൻ ജീവൻ ഗുരുങ്ങും (24). എറണാകുളം ജില്ലയിലെ നെടുമ്പാശേരി ചെങ്ങമനാട് ചുള്ളിക്കാട്ട് പരേതനായ വിജയൻ നായരുടെയും പൊയ്ക്കാട്ടുശേരി മായാട്ട് ലതയുടെയും മകനായ ശശിധരൻ നായരെ മരണം കവർന്നത് കുടുംബാംഗങ്ങൾക്കൊപ്പം 40 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തി 10 ദിവസത്തിനുള്ളിലാണ്.

സംസ്കാരം ഇന്നു രാവിലെ 9ന് പുണെ നവിപേഠ് അൽകാ ടാക്കീസിനടുത്തുളള വൈകുണ്ഠ് ശ്മശാനത്തിൽ നടത്തും. രാവിലെ 7ന് കടക്കവാസലയിൽ ഐഐടിക്കടുത്തുളള കൃഷ്ണ ഹൈറ്റ്സിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. ഇന്നലെ രജൗരി കന്റോൺമെന്റിൽ മേജർ ജനറൽ എച്ച്. ധർമരാജന്റെ നേതൃത്വത്തിൽ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വൈകിട്ട് 5ന് മൃതദേഹം പുണെ വിമാനത്താവളത്തിൽ എത്തിച്ചു. 7 ന് യുദ്ധസ്മാരകത്തിൽ‍ പൊതുദർശനത്തിനു വച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും സൈനികരും ആദരാഞ്ജലികൾ അർപ്പിച്ചു. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അനുശോചനം രേഖപ്പെടുത്തി.

രജൗരി ജില്ലയിലെ നൗഷേരയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു 3നു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തുരത്തിയ ശേഷം നിയന്ത്രണ രേഖയിൽ പരിശോധന നടത്തുകയായിരുന്നു ശശിധരനും സംഘവും. തിരച്ചിലിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയിൽവേ ജീവനക്കാരനായിരുന്ന മുത്തച്ഛൻ ഭാസ്കരൻ നായർ പുണെയിൽ സ്ഥിരതാമസമാക്കിയതിനാൽ ശശി ജനിച്ചു വളർന്നതു പുണെയിലായിരുന്നു. പിതാവ് വിജയൻ നായരും റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. 2007 ഡിസംബറിലാണു കരസേനയിൽ ചേർന്ന് ഗൂർഖാ റൈഫിൾസിന്റെ ഭാഗമായത്. പ‌ുണെ സ്വദേശി തൃപ്തിയുമായുള്ള വിവാഹം 6 വർഷം മുൻപായിരുന്നു. സീനയാണ് സഹോദരി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA