sections
MORE

ശിക്ഷയിളവിന് പഴയ കണക്കുമായി പോയി; സർക്കാറിന് ഇത് ചോദിച്ചുവാങ്ങിയ അടി

prison-image-1
SHARE

തിരുവനന്തപുരം ∙ ശിക്ഷയിളവിനു പിണറായി സർക്കാർ ശുപാർശ ചെയ്ത തടവുകാരുടെ മോചനവും ഹൈക്കോടതി വിധിയോടെ തുലാസിലായി. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെങ്കിലും നിയമക്കുരുക്കിലേക്കു നീങ്ങാനാണു സാധ്യത.

കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് 36 പേരുടെ പട്ടികയാണു സർക്കാർ തയാറാക്കിയത്. എന്നാൽ, മോചന ശുപാർശ ഗവർണർ പി. സദാശിവം മടക്കി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ മോചിപ്പിക്കരുതെന്ന ഉത്തരവു നിലവിലുള്ളതായിരുന്നു കാരണം. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നു വ്യക്തത വരുത്തണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. അതോടെ 2011 ലെ കണക്കുമായി കോടതിയിലെത്തിയ അഡ്വക്കറ്റ് ജനറൽ ഇപ്പോൾ അടി ചോദിച്ചുവാങ്ങിയ അവസ്ഥയിലുമായി.

10 വർഷം തടവു പൂർത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നു പട്ടിക സഹിതം എജി ബോധിപ്പിച്ചു. എന്നാൽ, യഥാർഥത്തിൽ 14 വർഷം ശിക്ഷ അനുഭവിക്കേണ്ടവർ എത്രയായിരുന്നുവെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ സർക്കാർ കുടുങ്ങി. 209 പേരിൽ 14 വർഷം തടവുശിക്ഷ പൂർത്തിയാക്കിയവർ അഞ്ചിൽ താഴെ മാത്രം; 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയതു നൂറിൽ താഴെയും. അതോടെ 10 വർഷം ശിക്ഷ പൂർത്തിയാക്കിവരെയാണു വിട്ടയച്ചതെന്ന വാദം പൊളിഞ്ഞു. കൂടുതൽ പേരുടെ മോചനത്തിനായി 2011 ലെ കണക്ക് ഉദ്ധരിച്ച സർക്കാർ അന്നത്തെ തീരുമാനവും പുനഃപരിശോധിക്കേണ്ട അവസ്ഥയിലുമായി.

ശിക്ഷയിളവ് റദ്ദാക്കാൻ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ

ജീവപര്യന്തം തടവുകാർ 14 വർഷത്തിനു മുൻപ് മോചിതരാകുന്നതു തടയാൻ ക്രിമിനൽ നടപടിച്ചട്ടത്തിലുള്ള (സിആർപിസി) 433 എ വ്യവസ്ഥ പരിഗണിക്കാതെയായിരുന്നു തീരുമാനം. ഇളവിനുള്ള പ്രത്യേക സാഹചര്യം ഓരോ കേസിലും വ്യക്തമല്ല. അന്നത്തെ ഗവർണർ ആർ.എസ്. ഗവായിക്ക് എന്തോ ആശങ്കയുണ്ടെന്നു ഫയലിൽ സൂചനയുണ്ടെങ്കിലും 2010ൽ ഇതുമായി ബന്ധപ്പെട്ട് ഗവർണറും മുഖ്യമന്ത്രിയുമായുണ്ടായ ആശയവിനിമയം കോടതിക്കു ലഭിച്ച ഫയലിലില്ല. തീരുമാനമെടുക്കാൻ മന്ത്രിസഭ പരിഗണിച്ച വസ്തുതകളെക്കുറിച്ച് ഉത്തരവിൽ പറയുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN KERALA
SHOW MORE
FROM ONMANORAMA