നാലു വർഷം: കേരളത്തിൽ അമ്മമാർ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ

new-born
SHARE

പത്തനംതിട്ട ∙ പ്രസവിച്ചശേഷം വളർത്താനാകാതെ സാഹചര്യം കാരണം കേരളത്തിൽ 4 വർഷം കൊണ്ട് അമ്മമാർ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ. ഇവയിൽ സർക്കാരിന്റെ ശിശുക്ഷേമസമിതിക്ക്, കുടുംബപ്രശ്നങ്ങൾ പോലെ വളർത്താനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ദമ്പതികൾ ഒരുമിച്ചും ഒറ്റയ്ക്കും കൈമാറിയതും വിവാഹിതരല്ലാത്ത അമ്മമാർ പേരും വിലാസവും അറിയിച്ചു കൈമാറിയതുമായ കുഞ്ഞുങ്ങൾ 380 ആണ്. 

110 കുഞ്ഞുങ്ങളെ അമ്മമാർ കൈമാറിയതാവട്ടെ പേരും വിലാസവും വെളിപ്പെടുത്താതെയാണ്; 77 കുഞ്ഞുങ്ങളെ ലഭിച്ചത് ശിശുക്ഷേമ സമിതികളിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്നും. ഈ 187ൽ 95 ആൺകുഞ്ഞുങ്ങളും 92 പെൺകുഞ്ഞുങ്ങളുമാണുള്ളത്. അമ്മത്തൊട്ടിലിൽ 2017ൽ 28 കുട്ടികളെയും 2018ൽ 18 കുട്ടികളെയുമാണു ലഭിച്ചത്. 

അവരെയെല്ലാം ദത്തെടുത്തു 

4 വർഷമായി ഉപേക്ഷിക്കപ്പെട്ട 567 കുഞ്ഞുങ്ങളിൽ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു. 2017ലെ ദത്തെടുക്കൽ നിയന്ത്രണച്ചട്ടമനുസരിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾക്കു ദത്തെടുക്കാം. ഏകരക്ഷിതാവായി എത്തുന്ന പുരുഷന്മാർക്ക് ആൺകുട്ടികളെ മാത്രമേ ദത്തെടുക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. 

കാത്തിരിക്കുന്നത് 1250 ദമ്പതികൾ 

സംസ്ഥാനത്ത് 1250 ദമ്പതികളാണ് ദത്തെടുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്. 45 വയസ്സിൽ താഴെയുള്ളവർക്ക് 4 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാം. 45– 50 പ്രായക്കാർക്ക് 4–8 വയസ്സുള്ള കുഞ്ഞുങ്ങളെയും 50–55 പ്രായക്കാർക്ക് 8–18 വയസ്സുള്ള കുട്ടികളെയുമാണു ദത്തെടുക്കാനാകുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA