പ്രളയ സെസ് പിരിക്കുമ്പോൾ സാലറി ചാലഞ്ച് നിർത്തണം: ഉമ്മൻ ചാണ്ടി

Oommen-Chandy-image-7
SHARE

കൊച്ചി ∙ കേരളത്തിൽ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജീവനക്കാരിൽ നിന്നു ശമ്പളം പിടിച്ചുപറിക്കുന്ന സാലറി ചാലഞ്ച് അവസാനിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ (കെജിഒയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കു വില കൽപിക്കാതെ അവരെ പിഴിയാനാണു സർക്കാരിന്റെ ശ്രമം.

5 വർഷത്തിലൊരിക്കൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ നീക്കം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു നിയമന നിരോധനമുണ്ടെന്ന് ആരോപിച്ചവർ അധികാരത്തിലെത്തിയപ്പോൾ അക്ഷരാർഥത്തിൽ നിയമന നിരോധനമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെജിഒയു സംസ്ഥാന പ്രസിഡന്റ് എസ്.അജയൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി.ടി.തോമസ്, ഹൈബി ഈഡൻ, വി.പി.സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, കെ.പി.ധനപാലൻ, ലൂഡി ലൂയിസ്, കെ.വിമലൻ, എൻ.കെ.ബെന്നി, ഡി.ചിദംബരൻ എന്നിവർ പ്രസംഗിച്ചു. സേവനത്തിൽ നിന്നു വിരമിച്ച ജീവനക്കാരെ ആദരിച്ചു. സമാപന സമ്മേളനം ഇന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA