മോചിതരായവരുടെ ‘നല്ല നടപ്പ്’ കഴിഞ്ഞു; എല്ലാവർക്കും പാസ് മാർക്ക്

prison
SHARE

തിരുവനന്തപുരം ∙ വിഎസ് സർക്കാർ അധികാരമൊഴിയുന്നതിനു തൊട്ടു മുൻപ് 2011 ൽ മോചിപ്പിച്ച 209 തടവുകാരും പുറത്തിറങ്ങിയ ശേഷം നാലു വർഷത്തെ ‘നല്ല നടപ്പ്’ പൂർത്തിയാക്കിയവർ. ഇവർക്കു ശിക്ഷായിളവു നൽകിയതു പുനഃപരിശോധിക്കുമ്പോൾ ‘നല്ല നടപ്പ്’ പരാതികളില്ലാതെ പൂർത്തിയാക്കിയതു ഗുണമാകും. ഇളവു ശുപാർശകൾ പുനഃപരിശോധിച്ചു ഗവർണറും സർക്കാരും 6 മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നും അപ്പോൾ കഴിഞ്ഞ ഏഴു വർഷത്തെ പെരുമാറ്റം പരിഗണിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണു മോചന ഉത്തരവു ഹൈക്കോടതി റദ്ദാക്കിയത്.

ബോണ്ടിൽ ഒപ്പു വയ്പിച്ച ശേഷം കർശന വ്യവസ്ഥകളോടെയാണു തടവുകാരെ മോചിപ്പിക്കുന്നത്. മോചിതരാകുന്ന ദിവസം മുതൽ നാലു വർഷം കേസിൽ ഉൾപ്പെടാൻ പാടില്ല. കൃത്യമായ ഇടവേളകളിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്താം. ബോണ്ട് വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഇവരുടെ താമസസ്ഥലത്തുള്ള സാമൂഹികനീതി വകുപ്പിലെ ഉദ്യോഗസ്ഥൻ പരിശോധിച്ചു റിപ്പോർട്ട് നൽകണം. നാലു വർഷം ഈ നല്ല നടപ്പ് പൂർത്തിയായാൽ മാത്രമേ മോചനം സ്ഥിരപ്പെടൂ.

അതിനിടെ ഏതെങ്കിലും കേസിൽ ഉൾപ്പെടുകയോ പ്രതികൂല റിപ്പോർട്ട് ജയിൽ അധികൃതർക്കും കോടതിക്കും ലഭിക്കുകയോ ചെയ്താൽ മോചനം റദ്ദാക്കി വീണ്ടും ജയിലിലടയ്ക്കും. 2011 ഫെബ്രുവരിയിൽ മോചിതരായ 209 പേരിൽ ആരും ജയിലിൽ തിരിച്ചെത്തിയിട്ടില്ലെന്നു ജയിൽ വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി.

വിട്ടയച്ചവരിൽ ഒരാൾ മരിച്ചതായി വിവരം

വിട്ടയച്ച 209 പേരുടെയും വിവരങ്ങൾ സെൻട്രൽ ജയിലുകളിൽ നിന്നും തുറന്ന ജയിലിൽ നിന്നും ജയിൽ ഡിഐജി എസ്. സന്തോഷ് ശേഖരിച്ചു. ഇതു ജയിൽ മേധാവി ആർ. ശ്രീലേഖയ്ക്കു നാളെ കൈമാറും. വിട്ടയച്ചവരിൽ ഒരാൾ മരിച്ചതായി വിവരം ലഭിച്ചു. ചിലർ വിദേശത്താണ്. മറ്റു ചിലർ താമസസ്ഥലം മാറി.

അപൂർണ വിവരം നൽകിയവർ കുടുങ്ങും

തിരുവനന്തപുരം ∙ വിട്ടയച്ച തടവുകാരുടെ അപൂർണവും അവ്യക്തവുമായ വിവരങ്ങൾ ഹൈക്കോടതിയിൽ സമർ‍പ്പിക്കാൻ നൽകിയ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സർക്കാർ നിർദേശം. 

അഡ്വക്കറ്റ് ജനറൽ ആദ്യഘട്ടത്തിൽ സമർപ്പിച്ച 209 പേരുടെ പട്ടികയിൽ വിവരങ്ങൾ അപൂർണമായിരുന്നു. തുടർന്നാണു യഥാർഥ ശിക്ഷ അനുഭവിച്ചവരുടെ വിശദാംശം കോടതി തേടിയത്. ചീമേനി തുറന്ന ജയിലിൽ നിന്നു മോചിപ്പിച്ച തടവുകാരുടെ വിവരങ്ങളിലായിരുന്നു കൂടുതൽ വീഴ്ച.

പല തടവുകാരുടെയും കാര്യത്തിൽ ജയിലിൽ കിടന്ന ദിവസവും പരോളിൽ പോയ ദിവസവും ഇളവു കിട്ടിയ ദിവസവും ഉദ്യോഗസ്ഥർ വേർതിരിച്ചു നൽകിയില്ല. പല കോളത്തിനും നേരെ ‘ബാധകമല്ല’ എന്ന ഉത്തരമാണു സൂപ്രണ്ടുമാരും വെൽഫെയർ ഓഫിസർമാരും എഴുതിയത്. മറ്റു ജയിലുകളിലും ഈ വീഴ്ചയുണ്ടായി. ഇതു സംബന്ധിച്ച് എജിയുടെ ഓഫിസി‍ൽ നിന്നു പരാതി ഉണ്ടായതിനെ തുടർന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് ജയിൽ മേധാവിയോട് ആവശ്യപ്പെട്ടു. ഇതുവരെ നടപടി ഉണ്ടായില്ലെങ്കിലും വീഴ്ച ഇപ്പോൾ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA