ഹൈന്ദവരുടെ മനോവീര്യം തകർക്കാൻ സർക്കാർ ശ്രമം: ബിജെപി

SHARE

തിരുവനന്തപുരം∙ ജനാധിപത്യവിരുദ്ധ സർക്കാരിനെ ഭരണഘടനാ വ്യവസ്ഥയിൽ നേരിടാൻ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് അറിയാമെന്നും അതിലേക്കു നയിക്കാതിരിക്കുന്നതാണു മുഖ്യമന്ത്രി പിണറായി വിജയനു നല്ലതെന്നും ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാർ. സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സമരത്തിന്റെ 43-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബോധപൂർവവും ആസൂത്രിതവുമായി ശബരിമലയെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണു പിണറായി വിജയന്റേത്. ശബരിമലയെ തകർക്കുന്നതിലൂടെ ഈശ്വര വിശ്വാസികളായ ഹൈന്ദവരുടെ മനോവീര്യം തകർക്കാനാണു ശ്രമം. അഹന്തയും ധാർഷ്ട്യവും കൈമുതലാക്കിയവരാണു കേരളം ഭരിക്കുന്നത്. ശരണമന്ത്രം ജപിക്കുന്നവരെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പു പ്രകാരം ജയിലിലടയ്ക്കുന്ന രീതിയിൽ നിന്നു സർക്കാർ പിന്തിരിയണമെന്നും എം.എസ്.കുമാർ ആവശ്യപ്പെട്ടു.

മഹിളാ മോർച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.ആർ.സ്മിത അധ്യക്ഷയായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ, സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി.പി വാവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു എന്നിവർ പ്രസംഗിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, കല്ലറ സരസമ്മ, വേളാർ സമുദായ ഭാരവാഹികളായ ഡി.രമേശൻ, ജെ.സുരേഷ്, യോഗക്ഷേമസഭ ഭാരവാഹികളായ ആശാ ദേവരു, ജയശ്രീ നമ്പൂതിരി തുടങ്ങിയവർ, ഉപവാസമിരിക്കുന്ന മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി.രമയെ സന്ദർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA