ദുരിതാശ്വാസനിധി ദുർവിനിയോഗം: മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കും ലോകായുക്ത നോട്ടിസ്

Pinarayi-Vijayan
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാർക്കും നോട്ടിസ് അയയ്ക്കാൻ ലോകായുക്തയുടെ ഫുൾ ബെഞ്ച് ഉത്തരവിട്ടു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറിന്റെ ഹർജിയിലാണ് ഉത്തരവ്. ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് അല്ലാത്തതിനാൽ ചട്ടപ്രകാരമേ വിനിയോഗിക്കാൻ പാടുള്ളുവെന്നു ഹർജിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം ബോധിപ്പിച്ചു. ബജറ്റിൽ അനുവദിച്ച തുക സർക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചു.

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ, ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോൾ അപകടത്തിൽ മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസനിധിയിൽ നിന്നു ലക്ഷങ്ങൾ അനുവദിച്ചുവെന്നാണു പരാതി. മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാഞ്ഞതിനാൽ വി.എസ്.സുനിൽ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാൽ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും ഒഴിവാക്കിയാണ് ഹർജി.

ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെക്കുറിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടർന്നാണു ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രൻ, എ.കെ.ബഷിർ എന്നിവരടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടത്.കേസ് ഇനി ഫെബ്രുവരി 15 നു പരിഗണിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA