വൈദ്യുതി ബോർഡിൽ ജീവനക്കാരെ കുറയ്ക്കും

electricity
SHARE

തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിൽ ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ തസ്തിക വെട്ടിക്കുറയ്ക്കുന്നു. ഇതിനായി നിയോഗിച്ച സമിതി തയാറാക്കിയ കരടു നിർദേശപ്രകാരം തസ്തികകൾ 33,314ൽ നിന്ന് 29,880 ആയി കുറയും. എന്നാൽ ഈ നിർദേശം ചീഫ് എൻജിനിയർമാരുടെ അഭിപ്രായത്തിനു വിട്ടിരിക്കുകയാണെന്നും മറുപടി ലഭിച്ച ശേഷമേ  ബോർഡിനു സമിതി റിപ്പോർട്ട് നൽകുകയുള്ളൂവെന്നും അധികൃതർ പറയുന്നു.  ജീവനക്കാരുടെ സംഘടനകളുമായും ചർച്ച നടത്തും. 

എല്ലാ ഓഫിസുകളിലുമായി സിവിൽ വിഭാഗത്തിൽ 1019 ജീവനക്കാർ ഉള്ളത് 782 ആയി കുറയ്ക്കണമെന്നു കരട് നിർദേശങ്ങളിൽ പറയുന്നു. വിതരണ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 27,266ൽ നിന്ന്  25,279 ആയി കുറയും. പ്രസരണ വിഭാഗത്തിൽ  3214ൽ നിന്ന് 2080 ആകും.ഉൽപാദന വിഭാഗത്തിൽ സിവിൽ ജീവനക്കാർ ഉൾപ്പെടെ 1747 തസ്തികയുള്ളത് 1380 ആക്കാനാണു നിർദേശം. മിനിസ്റ്റീരിയൽ ജീവനക്കാരുടെ തസ്തിക നിലനിർത്തി എൻജിനീയർമാരുടെ തസ്തിക  വെട്ടിക്കുറയ്ക്കുകയാണെന്നു എൻജിനിയർമാർ പരാതിപ്പെടുന്നു. ഇതിനു പിന്നിൽ സമിതിയിലെ സംഘടനാ നേതാവായ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥനാണെന്നും അവർ ആരോപിക്കുന്നു. വിതരണ വിഭാഗം ഡിവിഷൻ ഓഫിസുകളിൽ എൻജിനിയർമാരുടെ പ്രാധാന്യം കുറച്ചു മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ആധിപത്യം ലഭിക്കുന്ന വിധത്തിലാണു നിർദേശം. എന്നാൽ വിതരണ വിഭാഗത്തിലെ മിനിസ്റ്റീരിയൽ തസ്തികകൾ  വെട്ടിക്കുറച്ചുവെന്നാണ് മറുവിഭാഗത്തിന്റെ വാദം.

വൈദ്യുതി ബോർഡിൽ 33,314 ജീവനക്കാരുണ്ടെങ്കിലും 27,000 പേരുടെ ശമ്പളമേ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളൂ. ശേഷിക്കുന്നവർക്കു കടം വാങ്ങിയാണു ശമ്പളം നൽകുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാരെ പിരിച്ചു വിടാതെ തസ്തിക കുറയ്ക്കുന്നതു പഠിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഓരോ ഓഫിസിലും വെട്ടിക്കുറയ്ക്കേണ്ട തസ്തിക പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതു തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചത്. തസ്തിക പുനർനിർണയിച്ചു കഴിഞ്ഞാൽ ജീവനക്കാർ വിരമിക്കുമ്പോൾ പകരം നിയമനം നടത്തില്ല. ഇങ്ങനെ ഘട്ടം ഘട്ടമായി ജീവനക്കാരുടെ എണ്ണം 27000 ആക്കുകയാണു ലക്ഷ്യം. തസ്തിക കുറയുന്നതു മൂലം ജോലി നഷ്ടപ്പെടില്ലെങ്കിലും സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ളവയെ ബാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA