സമരം നടത്തിയ 4 കന്യാസ്ത്രീകളെ സ്ഥലംമാറ്റി

nun-strike.jpg.image.784.410
SHARE

കുറവിലങ്ങാട് ∙ പീഡനക്കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ സമരം നടത്തിയ 4 കന്യാസ്ത്രീകളെ നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നു സ്ഥലംമാറ്റി. ബിഷപ്പിനെതിരെ പൊലീസിൽ പരാതി നൽകിയ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിട്ടില്ല.

സിസ്റ്റർ അനുപമയെ അമൃത്‌സർ ചമ്യാരി സെന്റ് മേരീസ് കോൺവന്റിലേക്കും സിസ്റ്റർ ജോസഫിനെ ജാർഖണ്ഡിലെ സെന്റ് തോമസ് കോൺവന്റിലേക്കും സിസ്റ്റർ ആൽഫിയെ ബിഹാർ പഗർത്തല സെന്റ് ജോസഫ്സ് കോൺവന്റിലേക്കും സിസ്റ്റർ ആൻസിറ്റിനെ കണ്ണൂർ പരിയാരം സെന്റ് ക്ലയേഴ്സ് മിഷൻ ഹോമിലേക്കുമാണു മാറ്റിയത്.

ജലന്തർ രൂപതയുടെ കീഴിലുള്ള സന്യസ്ത സമൂഹമായ മിഷനറീസ് ഓഫ് ജീസസിന്റെ സൂപ്പീരിയർ ജനറൽ സിസ്റ്റർ റജീനയാണു സ്ഥലംമാറ്റ ഉത്തരവു നൽകിയത്. സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കില്ലെന്നു സിസ്റ്റർ അനുപമ പറഞ്ഞു. ബിഷപ്പിനെതിരായ കേസ് തീരുന്നതു വരെ നാടുകുന്നിലെ മഠത്തിൽ പരാതി നൽകിയ കന്യാസ്ത്രീക്കൊപ്പം താമസിക്കും. സ്ഥലംമാറ്റം പ്രതികാരനടപടിയാണെന്നും പരാതി നൽകിയ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി മാനസികമായി തളർത്തുകയാണു ലക്ഷ്യമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിലും ഈ 4 കന്യാസ്ത്രീകൾക്കും സ്ഥലംമാറ്റ ഉത്തരവ് നൽകിയിരുന്നു. ഇവർ നിർദേശം പാലിക്കാതെ മഠത്തിൽ തുടർന്നു. കഴിഞ്ഞ വർഷം ജൂണിൽ വീണ്ടും ഇവർക്കു കത്തു നൽകി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇത്തവണ വീണ്ടും സ്ഥലംമാറ്റ ഉത്തരവു നൽകിയത്. അതേ സമയം, പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണു പൊലീസ്. ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ച കന്യാസ്ത്രീകൾ കേസിലെ പ്രധാന സാക്ഷികളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA