ശബരിമല കർമ സമിതി അംഗങ്ങൾ ദേശീയ നേതാക്കളെ കാണും: ശശികല

KP-Sasikala-1
SHARE

തിരുവനന്തപുരം∙ ശബരിമല കർമ സമിതി അംഗങ്ങൾ ഡൽഹിയിലെത്തി ദേശീയ നേതാക്കളോട് സഹായം അഭ്യർഥിക്കുമെന്നു സമിതി അധ്യക്ഷ കെ.പി. ശശികല. ഇന്നും നാളെയും മറ്റന്നാളും ഡൽഹിയിൽ ദേശീയ നേതാക്കളെ കാണും. ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരെ നേരിട്ട് കണ്ട് സഹായം അഭ്യർഥിക്കും. മാധ്യമപ്രവർത്തകരെയും സന്ദർശിക്കും. 19ന് ഡൽഹിയിൽ സെമിനാർ സംഘടിപ്പിക്കും. ആറാം ഘട്ട സമരം തുടങ്ങുന്നതിനുള്ള ചർച്ചകൾ 20ന് നടത്തും.

കർമസമിതി 20ന് നാലിന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിൽ മുഖ്യാതിഥിയായ മാതാ അമൃതാനന്ദമയിക്കു പുറമെ സ്വാമി ചിദാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, ശാക്ത ശിവലിംഗേശ്വര, സ്വാമി പരിപൂർണ്ണാനന്ദ തുടങ്ങിയവരും പങ്കെടുക്കും. രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന നാമജപ യാത്രയും നടത്തും.

കമ്യൂണിസ്റ്റ് പാർട്ടിയും തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം എൻഐഎ അന്വേഷിക്കണമെന്ന് ശശികല ആവശ്യപ്പെട്ടു സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുവന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംശയാസ്പദമാണ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം സർക്കാരും പൊലീസും ചേർന്ന് തകർത്തു. നമ്മുടെ സംസ്കാരത്തിന് എതിരായ പരിപാടിയിൽ മുഖ്യമന്ത്രിയുടെ മുഖംവച്ച് ഫ്ലെക്സ് ബോർഡ് അടിച്ച് പ്രചാരണം നടത്തി. മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെയാണ് അത് നടന്നതെങ്കിൽ തുറന്നു പറയണമായിരുന്നു.

ശബരിമലയിൽ കയറിയ സ്ത്രീകൾ വെറും തൊണ്ടിമുതലാണ്. യഥാർഥ പ്രതികൾ സർക്കാരും പൊലീസുമാണ്. സംസ്ഥാനത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരണമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെണം. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് സമിതി നിവേദനം നൽകിയെന്നും ശശികല അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA