അഭയാർഥികളെ മുനമ്പത്ത് എത്തിച്ചത് ക്രിമിനൽ സംഘം

refugees-cctv-vishuals
SHARE

കൊച്ചി ∙ മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്കു കടക്കാൻ അഭയാർഥികളെ മുനമ്പത്ത് എത്തിച്ചതു ക്രിമിനൽ സംഘമാണെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ഓസ്ട്രേലിയയിൽ എത്തിക്കാമെന്നു വാഗ്ദാനം നൽകി ഇവരിൽ നിന്നു പണം വാങ്ങി കബളിപ്പിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്.

ചെറായിയിൽ ഇവരെ സന്ദർശിച്ച സ്വദേശികളിൽ ചിലരുടെ ക്രിമിനൽ പാശ്ചാത്തലവും സംശയത്തിനു ബലം നൽകുന്നു. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ചേരികളിൽ കഴിഞ്ഞിരുന്ന ശ്രീലങ്കൻ അഭയാർഥികൾക്ക് ഓസ്ട്രേലിയ, മലേഷ്യ, കൊറിയ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന റാക്കറ്റിന്റെ നീക്കങ്ങളാണ് പൊലീസിനു ലഭിക്കുന്നത്. താൽപര്യമുള്ള കുടുംബങ്ങളെ ഡൽഹിയിൽ എത്തിച്ചു വ്യാജ രേഖകൾ നൽകിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്യാംപുകളിൽ നിന്നുള്ള മോചനവും വിദേശജോലിയും വാഗ്ദാനം ചെയ്ത് അഭയാർഥികളെ വഞ്ചിച്ചിരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശ്രീലങ്കൻ അഭയാർഥികളെ വിദേശത്തേക്കു കടത്തുന്ന മനുഷ്യക്കടത്ത് ഏജൻസികൾ തമിഴ്നാട്ടിലും സജീവമാണ്. വ്യാജതിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് യഥാർഥ യാത്രാരേഖകൾ തരപ്പെടുത്തി വിമാനത്തിലാണ് ഇവരെ വിദേശത്ത് എത്തിക്കുന്നത്.

എൽടിടിഇയുടെ ‘സ്‌ലീപ്പിങ് സെല്ലു’കൾ തന്നെയാണ് അനുഭാവികളുടെ ജീവിതം സുരക്ഷിതമാക്കാൻ ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നത്. മുനമ്പത്ത് എത്തിയതായി കരുതുന്നവർക്കു കടൽ കടക്കാൻ ഒരു ബോട്ട് മതിയാവില്ല. മുഴുവൻ പേരും ഞായറാഴ്ച പുലർച്ചെ കേരളതീരം വിട്ടുപോയിട്ടുണ്ടെങ്കിൽ ഒന്നിലേറെ ബോട്ടുകൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, തിരച്ചിലിൽ അവയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA