ഫ്ലെക്സ് ബോർഡ് ഉടമയ്ക്കു തിരിച്ചുനൽകി ചെലവും പിഴയും ഈടാക്കണം: ഹൈക്കോടതി

high-court-kerala-5
SHARE

കൊച്ചി ∙ പൊതുസ്ഥലങ്ങളിൽ നിന്നു നീക്കുന്ന അനധികൃത ഫ്ലെക്സ് ബോർഡുകൾ പൊതുജനങ്ങളുടെ ചെലവിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ സംസ്കരിക്കരുതെന്നും അവ ഉടമസ്ഥർക്കു തിരിച്ചു നൽകി ചെലവും പിഴയും ഉൾപ്പെടെ ഇൗടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതു നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒരാഴ്ചയ്ക്കകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി.

സർക്കാർ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച വനിതാ മതിലിന്റെ ഫ്ലെക്സ് നാടു മുഴുവൻ സ്ഥാപിച്ചതിനെ കോടതി വാദത്തിനിടെ വിമർശിച്ചു. സർക്കാർ ഉത്തരവു സർക്കാർതന്നെ ലംഘിക്കുന്നത് അത്മാർഥതയില്ലാത്ത നടപടിയാണ്. ഭരണപക്ഷം ഇത്തരം നടപടിക്കു മുതിരുന്നതു ശരിയാണോ? ജനങ്ങൾ കോടതിക്കു കത്തയയ്ക്കുകയാണ്. പല തവണ പറഞ്ഞിട്ടും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം വൈകുന്നത് എന്താണ്? ഫ്ലെക്സ് വിപത്തിന് അന്ത്യമുണ്ടാകണം.

സമീപകാലത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ഫ്ലെക്സ് ബോർഡുകൾ കത്തിച്ച സംഭവമുണ്ടായി. ഇത്തരം ബുദ്ധിയില്ലായ്മ ജനങ്ങൾ സഹിക്കേണ്ടതില്ല. ഫ്ലെക്സ് പുനഃസംസ്കരിക്കാനാവില്ല. ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോളും ഒക്കെയുണ്ടെങ്കിലും ദൈവത്തിന്റെ നാട്ടിൽ ജീവിക്കാനാവാത്ത നിലയാണ്. ഇതിനു പരിഹാരമുണ്ടാകാൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കടുത്ത നടപടിയെടുക്കണ്ടി വരുമോ എന്നും കോടതി വാദത്തിനിടെ ചോദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA