കണ്ടക്ടർ ഒഴിവ്: പുനഃസംഘടന കഴിയാതെ എണ്ണം പറയാനാവില്ലെന്ന് കെഎസ്ആർടിസി

ksrtc-bus
SHARE

കൊച്ചി ∙ ജീവനക്കാരുടെ പുനഃസംഘടന പൂർത്തിയായാലേ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യേണ്ട കണ്ടക്ടർ ഒഴിവുകൾ തിട്ടപ്പെടുത്താനാകൂ എന്നു കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. പഴയതു പോലെ വീണ്ടും വഴുതി മാറാനാണോ ശ്രമമെന്നു വാദത്തിനിടെ കോടതി ചോദിച്ചു. നിലവിലുള്ള ഒഴിവുകൾ നികത്താൻ പറ്റുന്നില്ലേ? കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തുകയാണ്. ഏതായാലും പിൻവാതിൽ നിയമനം അനുവദിക്കാനാവില്ലെന്നു കോടതി പരാമർശിച്ചു.

പിഎസ്‌സി ശുപാർശ ചെയ്ത 4051 പേരിൽ 110 പേരുടെ വിവരം തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലെന്നു കെഎസ്ആർടിസി അറിയിച്ചിരുന്നു. എന്തുകൊണ്ടാണു പിഎസ്‌സി ലഭ്യമാക്കാത്തതെന്നു കോടതി ചോദിച്ചു. കണ്ടക്ടർ നിയമനത്തിനു പിഎസ്‌സി ശുപാർശ ചെയ്തിട്ടും നിയമനം വൈകിയ സാഹചര്യത്തിൽ ആന്റണി സ്റ്റിജോയും മറ്റും സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

പ്രസവത്തോടനുബന്ധിച്ചും മറ്റു കാരണങ്ങളാലും അവധിയിലുള്ളവരുടെയും അവധി നീട്ടിച്ചോദിച്ചവരുടെയും കണക്കെടുക്കുകയാണെന്നു കെഎസ്ആർടിസി അറിയിച്ചു. അവധിയിലുള്ളവർ ഡ്യൂട്ടിയിൽ തിരിച്ചെത്തിയാലേ ഒഴിവുകൾ കൃത്യമായി തിട്ടപ്പെടുത്താനാകൂ. കണ്ടക്ടർമാരില്ലാതെയും ബസ് ഓടിക്കാൻ ശുപാർശയുള്ളതിനാൽ എത്ര കണ്ടക്ടർമാർ ആവശ്യമുണ്ടെന്നു നോക്കിയാകും ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശ അനുസരിച്ചു ജീവനക്കാരുടെ പുനഃസംഘടന നടപ്പാക്കിവരികയാണെന്നും കെഎസ്ആർടിസി അറിയിച്ചു.

ഡ്യൂട്ടിക്ക് എത്തിയവർ 1421

നിയമന കത്ത് കൈപ്പറ്റിയ 3734 പേരിൽ 1421 പേർ ഡ്യൂട്ടിക്കു റിപ്പോർട്ട് ചെയ്തതായി കെഎസ്ആർടിസി അറിയിച്ചു. ആരോഗ്യകാരണങ്ങളാലും മറ്റും 71 പേർ ജോലിക്കു കയറാൻ സാവകാശം തേടി. പിഎസ്‌സി ശുപാർശ ചെയ്ത 4051 പേരിൽ 110 പേരുടെ വിവരങ്ങൾ  ലഭ്യമല്ലാത്തതിനാൽ 3941 പേർക്കാണു നിയമന കത്ത് നൽകിയത്. ഇതിൽ 1478 പേർ 2018 ഡിസംബർ 20നു കെഎസ്ആർടിസി ഓഫിസിൽ നിന്നു നേരിട്ടു വന്ന്  നിയമന ഉത്തരവ് കൈപ്പറ്റി. ബാക്കി 2463 പേർക്ക് നിയമന ഉത്തരവ് റജിസ്റ്റേർഡ് പോസ്റ്റിൽ അയച്ചതിൽ 207 എണ്ണം ഇതുവരെ ആളില്ലാതെ മടങ്ങി. അതിനാൽ 3734 പേർ കത്ത് കൈപ്പറ്റിയതായി കരുതാമെന്നു കെഎസ്ആർടിസി വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA