പത്മനാഭസ്വാമിക്ക് താമരപ്പൂക്കൾ; പിന്നെ കൂപ്പുകൈ

narendra-modi
SHARE

തിരുവനന്തപുരം ∙ ശ്രീപത്മനാഭനു മുന്നിൽ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിക്കു കീഴിൽ നടപ്പാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനു ശേഷമായിരുന്നു ആചാരപ്രകാരമുള്ള മുണ്ടും വേഷ്ടിയും ധരിച്ചു ക്ഷേത്രദർശനം. പത്മനാഭ സ്വാമിക്കു താമരപ്പൂക്കൾ സമർപ്പിച്ചാണു മോദി തൊഴുതത്. നരസിംഹമൂർത്തിക്കും ശ്രീകൃഷ്ണനും തുളസീഹാരവും നെയ്‌വിളക്കും സമർപ്പിച്ചു. 15 മിനിറ്റ് നീണ്ട ദർശനത്തിനു ശേഷം മടങ്ങി. ഗവർണർ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രദർശനം നടത്തി.

ക്ഷേത്രത്തിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ശശി തരൂർ എംപി, വി.എസ്. ശിവകുമാർ എംഎൽഎ, മേയർ വി. കെ. പ്രശാന്ത്, കലക്ടർ കെ. വാസുകി, നഗരസഭാ കൗൺസിലർമാർ എന്നിവരും സ്വാഗതം ചെയ്യാനെത്തി. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണു സ്വദേശ് ദർശൻ ശിലാഫലകം അനാച്ഛാദനം ചെയ്തത്. തുടർന്ന്, തന്ത്രിമഠത്തിൽ നിന്ന് മുണ്ടും വേഷ്ടിയും ധരിച്ചു ക്ഷേത്രത്തിലേക്കു കയറിയ മോദിയെ രാജകുടുംബാംഗം ആദിത്യവർമ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ  സ്വീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA