ശബരിമല വിഷയത്തിൽ ആഞ്ഞടിച്ച് മോദി; കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും മുന്നറിയിപ്പ്

pinarayi-viajayan-and-narendra-modi
SHARE

കൊല്ലം ∙ ശബരിമല വിഷയത്തിൽ സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമെന്നു കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കൊല്ലം, ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ പ്രവർത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

യുഡിഎഫ് പാർലമെന്റിൽ ഒന്നു പറയും, പത്തനംതിട്ടയിൽ വേറൊന്നു പറയും. ഈ വിരുദ്ധ നിലപാട് ജനങ്ങൾക്കു വെളിവായതായും മോദി പറഞ്ഞു. ചരിത്രം, സംസ്കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ. എങ്കിലും ശബരിമല വിഷയത്തിൽ ഇത്രയും അറപ്പും വെറുപ്പുമുള്ള നിലപാട് സ്വീകരിക്കുമെന്നു കരുതിയില്ല. ബിജെപിക്ക് ഒറ്റ നിലപാടേയുള്ളൂ.

കേരളത്തിന്റെ ആധ്യാത്മിക സംസ്കാരത്തിനും പാരമ്പര്യത്തിനുമൊപ്പം നിൽക്കുന്ന പാർട്ടി ബിജെപി മാത്രമാണ്. കേരള ജനതയോടു പാർട്ടിക്കുള്ള പ്രതിബദ്ധത സൗകര്യപൂർവം മാറ്റാനുള്ളതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചു പ്രസംഗത്തിൽ പരാമർശമുണ്ടായില്ല. അക്രമങ്ങൾക്കും പരിഹാസങ്ങൾക്കും ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കാനാവില്ല. ഭക്തിയും ശക്തിയും സമന്വയിച്ച നാടാണു കേരളം. ചട്ടമ്പി സ്വാമി, ശ്രീനാരായണ ഗുരു, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, മന്നത്ത് പത്മനാഭൻ, അയ്യൻകാളി, വക്കം അബ്ദുൽ ഖാദർ മൗലവി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ സന്ദേശങ്ങൾ ലോകമെങ്ങും പരക്കുന്നു.

കേന്ദ്രസർക്കാർ കേരളത്തിനു വേണ്ടി രാവും പകലും പ്രവർത്തിക്കുമ്പോൾ, ഇവിടെ എൽഡിഎഫും യുഡിഎഫും ചേർന്നു ജനങ്ങളുടെ ആധ്യാത്മികതയും ശാന്തിയും സന്തോഷവും തടവറയിലാക്കി. ലിംഗസമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി വീരവാദം മുഴക്കുന്ന സിപിഎമ്മും കോൺഗ്രസും മുത്തലാഖ് വിഷയത്തിൽ പാർലമെന്റിൽ സ്വീകരിച്ചതു വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗിന്റെ എംപിമാർ എതിർത്തു വോട്ട് ചെയ്തത് ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA