പ്രസംഗത്തിനിടെ കൂക്കിവിളി; താക്കീതുമായി പിണറായി

pinarayi-vijayan
SHARE

കൊല്ലം ∙ ബൈപാസ് ഉദ്ഘാടനച്ചടങ്ങിൽ‍ തന്റെ അധ്യക്ഷപ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. സദസ്സിന്റെ പിൻനിരയിൽ നിന്നു കൂക്കിവിളികൾ ഉയർന്നപ്പോഴാണു പിണറായി ക്ഷുഭിതനായത്.

‘‘വെറുതെ ശബ്ദമുണ്ടാക്കാനാണു കുറെയാളുകൾ വന്നിരിക്കുന്നത്. യോഗത്തിൽ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് ഏറ്റവും നല്ലത്, കേട്ടോ. എന്തും കാണിക്കാവുന്ന വേദിയാണിതെന്നു നിങ്ങൾ കരുതരുത്.’’ ഇത്രയും പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗത്തിലേക്കു കടന്നു. അഭിസംബോധനയ്ക്കു ശേഷം ‘എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ...’ എന്നു പറഞ്ഞു തുടങ്ങിയപ്പോഴാണു കൂക്കിവിളി ഉയർന്നത്. ചിലർ ശരണം വിളിച്ചു. പ്രസംഗം തീരും വരെ പലതവണ ഇതു തുടർന്നു.

പദ്ധതികളുടെ പൂർത്തീകരണം സംബന്ധിച്ചു പ്രധാനമന്ത്രിക്കു താൻ നൽകിയ വാക്ക് പാലിച്ചതിൽ അഭിമാനമുണ്ടെന്നു പിണറായി പറഞ്ഞപ്പോൾ മറുപക്ഷത്തു നിന്നു കയ്യടികളുയർന്നു. പ്രസംഗത്തിനൊടുവിൽ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തപ്പോൾ പിൻനിരയിൽ നിന്നും കയ്യടികളുയർന്നു. മന്ത്രി ജി. സുധാകരന്റെ സ്വാഗത പ്രസംഗത്തിനിടയിലും ബഹളമുണ്ടായി. ഈ സമയം വി. മുരളീധരൻ എംപിയെ അരികിലേക്കു വിളിച്ചു പ്രധാനമന്ത്രി ചെവിയിലെന്തോ പറയുന്നതും കാണാമായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിനൊപ്പമെത്തിയ ഫൊട്ടോഗ്രഫർ പിൻനിരയിലെ ചിത്രങ്ങളെടുക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA