ചിന്നക്കനാൽ ഇരട്ടക്കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ

israbel-and-kapila
SHARE

രാജകുമാരി ∙ ചിന്നക്കനാൽ നടുപ്പാറയിൽ ഏലത്തോട്ടം ഉടമയും തൊഴിലാളിയും കൊല്ലപ്പെട്ട സംഭവത്തിൽ ചേരിയാർ സ്വദേശികളായ ദമ്പതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 2 ദിവസമായി കസ്റ്റഡിയിലുണ്ടായിരുന്ന ഇസ്രബേൽ (30), ഭാര്യ കപില (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു.

മുഖ്യപ്രതിയെന്നു സംശയിക്കുന്ന കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിനു വേണ്ടി വയനാട്ടിലും തമിഴ്നാട് അതിർത്തിയിലും തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിനു ശേഷം കപിലയുടെ ശാന്തൻപാറ ചേരിയാർ കറുപ്പൻകോളനിയിലെ വീട്ടിലാണു ബോബിൻ താമസിച്ചതെന്നു പൊലീസ് പറഞ്ഞു. ഏലത്തോട്ടം ഉടമ ജേക്കബ് വർഗീസ് (40), തൊഴിലാളിയായ മുത്തയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണു ഞായറാഴ്ച ഏലത്തോട്ടത്തിൽ കണ്ടെത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയതു ബോബിൻ തന്നെയാണെന്ന് ഇസ്രബേലും കപിലയും പൊലീസിനു മൊഴി നൽകിയിരുന്നു.

ബോബിൻ മോഷ്ടിച്ച 143 കിലോഗ്രാം ഏലയ്ക്ക ഇന്നലെ മൂലത്തുറയിലെ വ്യാപാരിയുടെ പക്കൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. 1,70,000 രൂപ ബോബിനു നൽകിയതായി വ്യാപാരി മൊഴി നൽകിയിട്ടുണ്ട്. ചേരിയാർ പുഴയിൽ ബോബിൻ ഉപേക്ഷിച്ച രക്തക്കറ പുരണ്ട 2 ചാക്കുകൾ കണ്ടെത്തി.കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ വീട്ടിൽ നിന്നു കണ്ടെത്തിയ ഇരട്ടക്കുഴൽ തോക്കിനു ജേക്കബിന്റെ പിതാവ് ഡോ. കെ.കെ. വർഗീസിന്റെ പേരിൽ ലൈസൻസുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതോടൊപ്പം കണ്ടെത്തിയ മറ്റൊരു തോക്കിനു ലൈസൻസില്ല. വെടിയേറ്റത് ഈ തോക്കുകളിൽ നിന്നാണെന്നു കരുതുന്നില്ലെങ്കിലും രണ്ടും ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ, മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു, ശാന്തമ്പാറ സിഐ എസ്.ചന്ദ്രകുമാർ, എസ്ഐമാരായ ബി.വിനോദ്കുമാർ, പി.ഡി.അനൂപ്മോൻ, കെ.പി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.കേരള–തമിഴ്നാട് അതിർത്തിയോടു ചേർന്ന് ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA