മനുഷ്യക്കടത്ത്: തക്കം കിട്ടിയാൽ പോകാൻ ഇനിയുമാളുണ്ട്; നൽകിയത് 5 ലക്ഷം രൂപ വരെ

delhi-ambedkar-colony
SHARE

ന്യൂഡൽഹി∙ അവരവിടെ എത്തിയോ? അപായം വല്ലതും സംഭവിച്ചോ? ആശങ്കയണയാത്ത ചോദ്യങ്ങൾക്കിടയിൽ അവരിൽ ചിലർ പറഞ്ഞു–സുരക്ഷിതമായി അവരെത്തിയെങ്കിൽ ഞങ്ങൾക്കും പോകണം, രക്ഷപെടണം! ഓസ്ട്രേലിയ സ്വപ്നം കണ്ട്, ഉള്ളതെല്ലാം വിറ്റുപെറുക്കി പോയവരുടെ വീടുതേടി സൗത്ത് ഡൽഹിയിലെ അംബേദ്കർ നഗർ കോളനിയി‍ലെത്തിയതായിരുന്നു ഞങ്ങൾ. രേഖകളൊന്നുമില്ലാതെ, കടൽമാർഗം പോകാനിറങ്ങിയവരെ പോലെ എങ്ങനെയും രക്ഷപെടണമെന്നു കൊതിക്കുന്ന ഒരു നൂറുപേർ ഇനിയുമുണ്ട് ഇവിടെ.

അനധികൃത മാർഗത്തിലൂടെയാണ് ‘രക്ഷ’ തേടുന്നതെന്നു പോലും തിരിച്ചറിയാതെയുള്ള ഈ പലായനം എന്തിനാണ്? അതിനുള്ള ഉത്തരമാണ് ഈ കോളനിയും ഇവിടത്തെ ജീവിതവും. അംബേദ്കർ കോളനിക്ക് അകത്തൊരു കോളനിയുണ്ട്. ദക്ഷിണേന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ‘മദ്രാസി കോളനി’. 3 വ്യത്യസ്ത ബ്ലോക്കുകളിലായാണ് ഇവരുടെ താമസം. തുച്ഛമായ ശമ്പളവും മറ്റും മാത്രമല്ല പ്രശ്നം. ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു പൊലീസുകാരനു തന്നെ കുത്തേറ്റു. അതിനു കുറച്ചു മുൻപ് 2 പേർ കൊല്ലപ്പെട്ടു. പെൺകുട്ടികൾക്കെതിരെയുള്ള അക്രമം പട്ടാപ്പകലും നടക്കുന്നു. തദ്ദേശിയരിൽ നിന്നുള്ള ഭീഷണികൾ വേറെ. ഈ ആശങ്കകൾക്കു നടുവിലേക്കാണ് രക്ഷപ്പെടാൻ വഴിയുമായി ഏജന്റുമാരെത്തുന്നതെന്ന് ഇവരുടെ സംസാരത്തിൽ വ്യക്തം.

പുറപ്പെട്ടു പോയവർ ഓസ്ട്രേലിയയിലേക്കാണ് പോയതെന്നു പരസ്യമായി സമ്മതിക്കാൻ ആരും തയാറാകുന്നില്ല. നാട്ടിൽ ഉൽസവത്തിനെന്നും മറ്റും പറഞ്ഞാണ് പലരും കുടുംബസമേതം ഇവിടം വിട്ടിരിക്കുന്നത്. സ്ഥലവും വീടും വിറ്റു വരെ ഏജന്റുമാർക്കു പണം നൽകിയെന്നു ചിലർ പറയുന്നു. 3 മുതൽ 5 ലക്ഷം രൂപ വരെയാണ് നൽകിയിരിക്കുന്നത്. കുടുംബസമേതം പോയവർക്കാണ് 5 ലക്ഷം രൂപ വരെ നൽകേണ്ടി വന്നത്. തമിഴ്നാട്ടുകാരും കർണാടകക്കാരും ആന്ധ്രാക്കാരുമാണു വിട്ടുപോയവരിൽ ഏറെയെങ്കിലും തദ്ദേശീയരായ ചിലരും സമീപകാലത്തു കോളനി വിട്ടിട്ടുണ്ട്. എത്ര പേരാണ് പോയതെന്ന കാര്യത്തിൽ ഇവർക്കു വ്യക്തതയില്ല. പലരും പറയുന്നതു പല കണക്ക്.

ഇതേസമയം, അന്വേഷണത്തിനെത്തിയ കേരള പൊലീസിനോടും മുഖം തിരിച്ചിരിക്കുകയാണ് അംബേദ്കർ കോളനിക്കാർ. കൂടുതലറിയില്ലെന്നു പറഞ്ഞൊഴിയാനാണു മിക്കവരും ശ്രമിക്കുന്നത്. അതേസമയം, ഡൽഹി പൊലീസിന്റെ സഹകരണം ആവശ്യമെങ്കിൽ അതുറപ്പാക്കുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിട്ടുണ്ട്. അംബേദ്കർ നഗർ കോളനിയുടെ വിവിധ ബ്ലോക്കുകളിൽ ഇന്നലെയും കേരള പൊലീസ് സംഘം എത്തി. സംശയിക്കുന്നവരുടെ വീടുകൾ അടച്ചിട്ട നിലയിലായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA