ലോക്സഭാ തിരഞ്ഞെടുപ്പ്: 4 സമിതികൾ രൂപീകരിക്കാൻ കെപിസിസി

Congress-logo
SHARE

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ 4 സമിതികൾക്കു കെപിസിസി രൂപം നൽകും. സ്ഥാനാർഥി നിർണയം, പ്രചാരണം, പബ്ലിസിറ്റി, ഏകോപന സമിതികളിലേക്കുള്ള അംഗങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം ഇന്നു ഹൈക്കമാൻഡിനു സമർപ്പിക്കും. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

മുല്ലപ്പള്ളിക്കു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ എന്നിവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, പ്രവർത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരുമായി ചർച്ച നടത്തി. സമിതി അംഗങ്ങളുടെ കാര്യത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പുണ്ടാകില്ല. പബ്ലിസിറ്റി സമിതിയിൽ 25 – 30 പേരുണ്ടാകും; മറ്റു സമിതികളിൽ 15ൽ താഴെയും.

തിരഞ്ഞെടുപ്പിനു ശേഷം കെപിസിസിയിൽ പുനഃസംഘടന നടത്താനാണു തീരുമാനം. എന്നാൽ ഈ തീരുമാനത്തിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുൻ ഡിസിസി പ്രസിഡന്റുമാർ രംഗത്തുവന്നു. പുനഃസംഘടന എത്രയും വേഗം നടത്തി ജനറൽ സെക്രട്ടറി പദവി നൽകണമെന്നാണ് ഇവരുടെ ആവശ്യം. പുനഃസംഘടനയിൽ മുൻ ഡിസിസി പ്രസിഡന്റുമാരെ ഉൾപ്പെടുത്തുന്ന കാര്യം ഹൈക്കമാൻഡുമായി മുല്ലപ്പള്ളി ചർച്ച ചെയ്തു. ഇക്കാര്യത്തിൽ, അന്തിമ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA