നിരീക്ഷക സമിതി ചോദിക്കുന്നു: ശബരിമലയിൽ സ്റ്റാഫ് ഗേറ്റിലൂടെ വനിതകൾ പ്രവേശിച്ചതെങ്ങനെ?

sabarimala-image-2
SHARE

കൊച്ചി ∙ ശബരിമലയിൽ ദർശനം നടത്തിയ യുവതികളെ സ്റ്റാഫ് ഗേറ്റിലൂടെ മേലേതിരുമുറ്റത്ത് എത്താൻ അനുവദിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു ശബരിമല നിരീക്ഷക സമിതി ഹൈക്കോടതിയെ അറിയിച്ചു. അ‍ജ്ഞാതരായ അഞ്ചു പേരുടെ അകമ്പടിയിലാണു യുവതികളെത്തിയത്. വിഐപികളും ബോർഡ് ഉദ്യോഗസ്ഥരും കടന്നുപോകുന്ന ഈവഴി സാധാരണ ഭക്തരെ പൊലീസ് കടത്തിവിടാറില്ല. സാധാരണക്കാർക്കു പ്രവേശനമില്ലാത്ത, കൊടിമരത്തിനു പിന്നിലെ വാതിലിലൂടെയാണു യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയതെന്നു വിവരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സീസൺ കഴിയുംവരെ യുവതികൾക്കു വ്യക്തിഗത പൊലീസ് സംരക്ഷണം നൽകരുതെന്നു മുൻ റിപ്പോർട്ടിൽ പറഞ്ഞതു സമിതി ചൂണ്ടിക്കാട്ടി. പ്രതിഷേധ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ ചിലരെ തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്നു നിർദേശം നൽകി. ഈ വിഷയം സംസാരിക്കാൻ എസ്പിയോടു വരാൻ പറഞ്ഞെങ്കിലും ഡിജിപിയുടെ നിർദേശപ്രകാരം പന്തളത്ത് ആയതിനാൽ വരാനാവില്ലെന്ന് അറിയിച്ചതിനാലാണു നിർദേശം നൽകിയതെന്നും സമിതി അറിയിച്ചു. 

റിപ്പോർട്ടിൽ നിന്ന്

∙ നിലയ്ക്കലിൽ വാഹന പാർക്കിങിനു വിദഗ്ധരുടെ സഹായത്തോടെ ലേ–ഔട്ട് പ്ലാൻ തയാറാക്കിയാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഉന്നതാധികാര സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. 

∙ പമ്പയിൽ 100 ബയോ ടോയ്‌ലെറ്റുകൾ ഉണ്ടാക്കാമെന്നു പറഞ്ഞതു നടപ്പായില്ല. 

∙ സന്നിധാനത്തിനു സമീപമുള്ള പാണ്ടിത്താവളത്തിൽ പൊതുസ്ഥലത്തു കൂട്ടിയിട്ടിട്ടുള്ള പാറക്കല്ലുകൾ മാറ്റിയാൽ വരുംവർഷം മുതൽ മകരജ്യോതി ദർശനത്തിന് എത്തുന്നവർക്ക് അവിടെ നിൽക്കാം. 

∙ പാണ്ടിത്താവളത്തിൽ നിന്നു മാളികപ്പുറത്തേക്കു പോകുന്ന വഴിക്കുള്ള വിരിഷെഡ് പുതുക്കി പണിയണം. 

∙ കൊപ്ര ഉണക്കാൻ സൾഫർ ഉപയോഗിച്ചു കത്തിക്കുമ്പോഴുള്ള പുക മലിനീകരണമുണ്ടാക്കുന്നതിനാൽ ഇതിനായി സോളർ, വൈദ്യുതി ഉപയോഗം പരിഗണിക്കണം. ലേലവ്യവസ്ഥയിൽ ബോർഡ് ഇതുൾപ്പെടുത്തണം.

സ്ത്രീകൾക്കൊപ്പം പൊലീസുകാർ

കൊച്ചി∙ ജനുവരി രണ്ടിനു ശബരിമലയിൽ ദർശനം നടത്തിയ രണ്ടു സ്ത്രീകളുടെ അഭ്യർഥന മാനിച്ച് സിവിൽ വേഷത്തിൽ നാലു പൊലീസുകാർ ഒപ്പം പോയിരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. ശബരിമല കർമസമിതി, ആചാര സംരക്ഷണ സമിതി തുടങ്ങി സംഘടനകളുടെയും ചില രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധങ്ങളും അക്രമങ്ങളും കാരണമാണു ചില യുവതികൾക്കു ദർശനം നടത്താൻ കഴിയാതെ വന്നതെന്നും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA