10–50 പ്രായക്കാരുടെ പട്ടികയുമായി സർക്കാർ സുപ്രീം കോടതിയിൽ; ലിസ്റ്റിൽ പുരുഷനും 50 കഴിഞ്ഞ സ്ത്രീകളും

Paramjyoti
SHARE

ന്യൂഡൽഹി ∙ 10–50 പ്രായഗണത്തിലുള്ള 51 സ്ത്രീകൾ ഓൺലൈൻ സംവിധാനത്തിലൂടെ റജിസ്റ്റർ ചെയ്ത് ശബരിമലയിൽ പ്രവേശിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയിൽ പ്രവേശിച്ച പി.ബിന്ദുവും കനകദുർഗയും സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ബിന്ദുവിനും കനകദുർഗയ്ക്കും പൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സംസ്ഥാന സർക്കാരിനു നിർദേശം നൽകി. 

കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ടു പേർ മാത്രമല്ല, 51 പേർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്നും ഇവരുടെ തിരിച്ചറിയൽ വിശദാംശങ്ങൾ കോടതിക്കു നൽകാൻ തയാറാണെന്നും സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ പറഞ്ഞു. എന്നാൽ, ഹർജിക്കാർ ഉന്നയിച്ച പ്രശ്നം മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നു കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് തയാറാക്കിയ പട്ടികയുടെ പകർപ്പ് സർക്കാർ അഭിഭാഷകൻ പിന്നീട് മാധ്യമങ്ങൾക്കു ലഭ്യമാക്കി. ഇതിൽ കേരളത്തിൽനിന്ന് ആരുടെയും പേരില്ല. 

കേസ് പരിഗണിച്ചപ്പോൾ, ക്ഷേത്രം അടച്ചുകഴിഞ്ഞെന്നും ഹർജിക്ക് അടിയന്തര സ്വഭാവമില്ലെന്നും ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനുവേണ്ടി മാത്യൂസ് നെടുമ്പാറ തടസ്സമുന്നയിച്ചു. എന്നാൽ, ജഡ്ജിമാർ ഹ്രസ്വചർച്ചയ്ക്കു ശേഷം ഹർജി പരിഗണിച്ചു. പ്രവേശിച്ചവർ വിശ്വാസികളല്ല ആക്ടിവിസ്റ്റുകാളാണെന്നു മാത്യൂസ് നെടുമ്പാറയും 51 േപരുടെ കണക്ക് കമ്യൂണിസ്റ്റുകാരുടെ പ്രചാരണം മാത്രമാണെന്ന് ആചാര സംരക്ഷണ സമിതിക്കുവേണ്ടി ഹാജരായ എം.ആർ. അഭിലാഷും കോടതിയിൽ പറഞ്ഞു.

പട്ടികയിൽ പുരുഷനും 50 കഴിഞ്ഞ സ്ത്രീകളും

തിരുവനന്തപുരം/ചെന്നൈ/പാലക്കാട് ∙ ശബരിമലയിൽ പ്രവേശിച്ച 10–50 പ്രായക്കാരായ സ്ത്രീകൾ എന്ന പേരിൽ സുപ്രീംകോടതിയിൽ നൽകാനായി സംസ്ഥാന സർക്കാർ തയാറാക്കിയ പട്ടികയിൽ പുരുഷന്റെ പേരും അൻപതിലേറെ പ്രായമുള്ള സ്ത്രീകളുടെ പേരുകളും. പട്ടികയിൽ 21ാം നമ്പരിലുള്ള തമിഴ്നാട് സ്വദേശി പരംജ്യോതി പുരുഷനാണ്. ഇദ്ദേഹത്തിനു സ്ത്രീ എന്നു രേഖപ്പെടുത്തി ആദ്യം കേരള പൊലീസ് കൂപ്പൺ നൽകി. തെറ്റ് ബോധ്യപ്പെട്ടതോടെ പുരുഷൻ എന്നു തിരുത്തി പുതിയ കൂപ്പൺ നൽകുകയും ചെയ്തു. 

പട്ടികയിൽ 24ാം നമ്പരായ ഷീലയ്ക്ക് പട്ടികയിൽ 48 വയസ്സാണ്. എന്നാൽ, തനിക്ക് 52 വയസ്സുണ്ടെന്ന് ഷീല പറയുന്നു. ഓൺലൈനിൽ അപേക്ഷിച്ചപ്പോൾ തെറ്റിയെന്നും തിരുത്തണമെന്ന് ഇന്റർനെറ്റ് കഫേ ജീവനക്കാരോട് ആവശ്യപ്പെട്ടപ്പോൾ പമ്പയിലെത്തി തിരിച്ചറിയൽ കാർഡ് നൽകിയാൽ മതിയെന്ന നിർദേശമാണ് ലഭിച്ചതെന്നും ഇവർ പറഞ്ഞു. പട്ടികയിൽ ഒന്നാമതുള്ള ആന്ധ്ര സ്വദേശിനി പത്മാവതിക്കു 48 വയസ്സെന്നാണു കാണിച്ചിരിക്കുന്നത്. എന്നാൽ, വോട്ടർ തിരിച്ചറിയൽ രേഖ പ്രകാരം 55 വയസ്സുണ്ട്. 

പട്ടികയിൽ ഇരുപതാം നമ്പരിലുള്ള തമിഴ്നാട്ടുകാരി മല്ലിക (48), ഫോണിൽ വിളിച്ചപ്പോൾ 27 വയസ്സുള്ള അവിവാഹിതൻ. നവംബറിൽ ശബരിമലയിലെത്തിയിരുന്നു. 

പട്ടികയിലെ മറ്റുചില പേരുകളും അവരുടെ വിശദീകരണങ്ങളും. ക്രമനമ്പർ, പേര്, ബ്രാക്കറ്റിൽ പട്ടികയിൽ നൽകിയ പ്രായം, തീർഥാടകരുടെ വിശദീരണം എന്ന ക്രമത്തിൽ. 

∙ 4, രത്നകുമാരി, തെലങ്കാന (49), 53 വയസു കഴിഞ്ഞു. 12 പേരുള്ള സംഘത്തിൽ ഡിസംബർ 14ന് ശബരിമലയിലെത്തി. 

∙ 30, പട്ടു മഹാമണി, തമിഴ്നാട് (48), 58 വയസ്സായി. ആധാർ കാർഡിൽ 48 എന്നാണുള്ളത്. ശബരിമലയിലെത്തിയപ്പോൾ ചിലർ ചോദ്യം ചെയ്തു; വസ്തുത ബോധ്യപ്പെടുത്തിയപ്പോൾ കടത്തിവിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA