കരിമണൽ ഖനനം: ചർച്ച പരാജയപ്പെട്ടു; സമരം തുടരുമെന്നു സമരസമിതി

alappad-mineral-sand2
SHARE

തിരുവനന്തപുരം ∙ കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെയുള്ള സമരം അവസാനിപ്പിക്കാനുള്ള സർക്കാർ ശ്രമം പരാജയം. ഖനനം പൂർണമായും നിർത്തിവയ്ക്കാൻ കഴിയില്ലെന്നു സർക്കാർ അറിയിച്ചതോടെ സമരം തുടരുമെന്നുറപ്പിച്ച് സമരസമിതി. ഖനനം നിർത്തിവയ്ക്കുന്നതിൽ കുറഞ്ഞ് ഒരു സമവായത്തിനും തയ്യാറാല്ലെന്ന് അവർ സർക്കാരിനെ അറിയിച്ചു.

കടൽത്തീരത്തു നിന്നു മണൽ കോരി കഴുകിയെടുക്കുന്ന രീതിയായ സീവാഷിങ് ഒരു മാസത്തേക്കു നിർത്തിവയ്ക്കാൻ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമെടുത്തു. ഇതു സംബന്ധിച്ച നിർദേശം, ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആർഇയുടെ (ഇന്ത്യൻ റെയർ എർത്‍സ്) പ്രതിനിധികൾക്ക് നൽകി. എന്നാൽ, കരയിൽ നിന്നു മാറി നിലം കുഴിച്ച് മണലെടുക്കുന്ന ഇൻലൻഡ് വാഷിങ് തുടരും. സീവാഷിങ് മാത്രം താൽക്കാലികമായി നിർത്തിവയ്ക്കുന്നതുകൊണ്ടു പ്രയോജനമില്ലെന്ന നിലപാടിലാണു സമരസമിതി. ഒരു തരത്തിലുള്ള ഖനനവും താങ്ങാൻ ഈ പ്രദേശത്തിനു കഴില്ലെന്നും അവർ പറയുന്നു.

ഖനനം പൂർണമായും നിർത്തിവച്ചാൽ ഖനനം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ആയിരക്കണക്കിനു ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല സ്ഥാപനത്തിലെ ഇരുനൂറോളമുള്ള ജീവനക്കാരുടെ ഭാവിയെന്നു സമരസമിതി തിരിച്ചടിച്ചു. നാഷനൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിലെ (എൻസെസ്) ശാസ്ത്രജ്ഞനായ ഡോ.ടി.എൻ പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതി പ്രദേശത്ത് പഠനം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സീവാഷിങ് കടൽത്തീരത്തെ ഇല്ലായ്മ ചെയ്തതായും യോഗം വിലയിരുത്തി.

ആലപ്പാടിന്റെ സംരക്ഷണത്തിനായി കടൽഭിത്തി ശക്തിപ്പെടുത്താൻ ജലസേചന വകുപ്പിനു നിർദേശം നൽകും. ഇനി നിർമിക്കാൻ ബാക്കിയുള്ള പുലിമുട്ടുകളുടെ നിർമാണം ഉടൻ ആരംഭിക്കും. ഖനനം മൂലമുണ്ടായ കുഴികൾ മണൽ ഉപയോഗിച്ച് നികത്തി പച്ചക്കറികൃഷിക്കും മറ്റും യോജിക്കുന്ന തരത്തിൽ രൂപപ്പെടുത്തും. ഐആർഇ പോലെയുള്ള സ്ഥാപനങ്ങളിൽ ജോലിക്ക് ആളെയെടുക്കുന്നത് സുതാര്യമാക്കും. ഖനനം കലക്ടർ‌ അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു. മന്ത്രി ഇ.പി.ജയരാജൻ നേരിട്ട് സ്ഥലം സന്ദർശിക്കും.

യോഗത്തിൽ പങ്കെടുക്കാൻ സമരസമിതിക്ക് രേഖാമൂലം ക്ഷണം നൽകാതിരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്നലെ രാവിലെ തീരുമാനമെടുത്തിരുന്നു. തുടർന്നാണു സർക്കാർ ഇടപെട്ടു തഹസിൽദാർ വഴി നേരിട്ടു കത്ത് നൽകിയത്.

ഖനനം നിർത്തിവയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം ∙ ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തിവച്ചു ചർച്ചയില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നതിനിടെ തുടർപഠനവും നിഗമനങ്ങളും വരുന്നതുവരെ ഖനനം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്.

ധാതുസമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധി നോക്കിക്കാണേണ്ടതെന്നു മന്ത്രി ഇ.പി. ജയരാജന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ചു വിഎസ് പറഞ്ഞു. അറബ് രാജ്യങ്ങളിലെ പെട്രോളും ഡീസലും പോലെ പ്രകൃതി തരുന്ന സമ്പത്താണു കരിമണൽ എന്നാണു ജയരാജൻ പറഞ്ഞത്. അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനം ആക്ഷേപിക്കുമെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം.– വിഎസ് പറഞ്ഞു.

∙ 'ജനിച്ച മണ്ണിൽ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിനു കരിമണലിനെക്കാൾ വിലയുണ്ട്. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഒരു വർഷം മുമ്പ് നൽകിയ റിപ്പോർട്ട് തീർച്ചയായും ഗൗരവത്തിലെടുക്കണം.' - വി.എസ്. അച്യുതാനന്ദൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA