എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊന്നത് കവർച്ച ലക്ഷ്യമിട്ട്

Estate-owner's-murder
SHARE

തൊടുപുഴ ∙ കവർച്ച ലക്ഷ്യമിട്ടാണു ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ(36). പ്രതിയെ ശാന്തൻപാറയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു ചോദ്യംചെയ്തു വരികയാണ്. 

വ്യാഴാഴ്ച രാത്രി മധുരയിൽ നിന്നാണു ബോബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്–40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 

ജേക്കബിനെ കത്തി കൊണ്ടു കഴുത്തിലും നെഞ്ചിലും കുത്തിയും, മുത്തയ്യയെ ഇരുമ്പു കൂടം കൊണ്ട് തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നാണു സൂചന. 

ഒറ്റയ്ക്കാണു കൊല നടത്തിയതെന്നും കവർച്ച ചെയ്ത പണവുമായി രാജ്യം ചുറ്റാനായിരുന്നു ബോബിന്റെ തീരുമാനമെന്നുമാണു ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ച സൂചന. 

ജേക്കബിന്റെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു. വെടിയേറ്റാണു ജേക്കബ് കൊലപ്പെട്ടതെന്നു പൊലീസ് സംശയിക്കുകയും ചെയ്തു. മുത്തയ്യയുടെ തലയിലും ശരീരത്തിലും ആഴത്തിൽ മുറിവുണ്ടായിരുന്നു. 

ശനിയാഴ്ച രാത്രി ഏലം സ്റ്റോറിൽ രണ്ടു മുറികളിലായിരുന്നു ബോബിനും, തൊഴിലാളി മുത്തയ്യയും ഉറങ്ങാൻ കിടന്നത്. പുലർച്ചെ ഉറക്കമുണർന്ന ബോബിൻ, മുത്തയ്യയെ വിളിച്ചുണർത്തി ഇരുമ്പു കൂടം കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നത്രേ. മൃതദേഹം വലിച്ചിഴച്ച് മുത്തയ്യ കിടന്ന മുറിയിലെ കട്ടിലിലിട്ട ശേഷം മെത്ത മുകളിലേക്കിട്ടു. തുടർന്ന് ജേക്കബിന്റെ താമസസ്ഥലത്തെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തി, നടുവേദനയാണെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞു. വാഹനത്തിന്റെ താക്കേലെടുത്ത ശേഷം പുറത്തേയ്ക്കു വന്ന ജേക്കബിനെ, ബോബിൻ പിന്നിൽ നിന്ന് കഴുത്തിൽ കുത്തുകയായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ കത്തിവലിച്ചൂരിയ ബോബിൻ, വീണ്ടും പിന്നിൽ നിന്നു കുത്തി. ജേക്കബിന്റെ ഇടതു നെഞ്ച് തുളച്ചാണു കത്തി പുറത്തേക്കു വന്നത്. ഇതിനിടെ ബോബിന്റെ ഇടതുകൈയിലും കത്തി കൊണ്ടു ആഴത്തിൽ മുറിവേറ്റു. 

കൊലയ്ക്കു ശേഷം ജേക്കബ് വർഗീസിന്റെ 4 പവന്റെ സ്വർണമാല കൈവശപ്പെടുത്തി. സ്റ്റോറിൽ നിന്നു മോഷ്ടിച്ച 2 ചാക്ക് ഏലയ്ക്കയുമായി ജേക്കബ് വർഗീസിന്റെ വാഹനത്തിൽ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. മുറിവു കണ്ട ആശുപത്രി അധികൃതർ ചികിത്സിക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇതേ വാഹനത്തിൽ ചേരിയാറിലുള്ള സുഹൃത്ത് കറുപ്പൻകോളനിയിൽ ചിത്രവേലിന്റെ വീട്ടിലെത്തി. 

ചിത്രവേലും, അയാളുടെ ബന്ധുവുമൊത്ത് പൂപ്പാറയിലെത്തി ഏലയ്ക്ക വിറ്റു. കിട്ടിയ 1.70 ലക്ഷം രൂപയുമായി വീണ്ടും ചിത്രവേലിന്റെ വീട്ടിലെത്തി. ചിത്രവേലിന്റെ ഭാര്യ കപിലയെയും കൂട്ടി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. കൃഷിയിടത്തിൽ ജോലിക്കിടെ വീണു പരുക്കേറ്റെന്നാണു ആശുപത്രി അധികൃതരോടു പറഞ്ഞത്. വ്യാജവിലാസമാണ് നൽകിയത്. മരുന്നു വാങ്ങിയ ശേഷം തിരികെ ചിത്രവേലിന്റെ വീട്ടിലെത്തി താമസിച്ചു. ഇവിടെ വച്ചാണു ചിത്രവേലിന് ബോബിൻ 25000 രൂപ കൈമാറിയത്. 

പൂപ്പാറയിൽ നിന്നു പുതിയ സിം വാങ്ങിയ ശേഷം ഞായറാഴ്ച പുലർച്ചയോടെ മുരുക്കുംതൊട്ടി പള്ളിക്കു സമീപം വാഹനം ഉപേക്ഷിച്ചു. തുടർന്നു തമിഴ്നാട്ടിലേക്കു പോയി. മധുരയിലെ തിയറ്ററിൽ രജനീകാന്തിന്റെ ചിത്രമായ ‘പേട്ട’ കണ്ടിറങ്ങുന്നതിനിടയിലാണു പിടിയിലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA