കൊടുവള്ളിയിലെ ഇടതു സ്വതന്ത്രൻ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി

karat-razak
SHARE

കൊച്ചി ∙ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുസ്വതന്ത്രനായി വിജയിച്ച കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. അതേസമയം, സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കാരാട്ട് റസാഖിന്റെ അപേക്ഷയിൽ അതേ ബെഞ്ച് ഒരു മാസത്തെ സ്റ്റേ അനുവദിച്ചു. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും വോട്ടവകാശവും പ്രതിഫലവും ഉണ്ടാകില്ല. എന്നാൽ എതിർ സ്ഥാനാർഥി യുഡിഎഫിലെ (മുസ്‌ലിം ലീഗ്) എം.എ. റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി.    

കുരുക്കായി വിഡിയോ

യുഡിഎഫ് സ്ഥാനാർഥിക്ക് അപകീർത്തികരമായ വിഡിയോ പ്രദർശിപ്പിച്ച് അവമതിപ്പുണ്ടാക്കിയാണ് 573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്ന് ആരോപിച്ചായിരുന്നു ഹർജി. വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് എൽഡിഎഫ് സ്ഥാനാർഥി ഉത്തരവാദിയാണെന്നു കോടതി വിലയിരുത്തി. മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചതു സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും അനുമതിയോടെയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 123(4) വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേട് വ്യക്തമാണ്– കോടതി വിലയിരുത്തി.

സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്നും മറ്റും സൂചനയുള്ള ഡോക്യുമെന്ററി വോട്ടർമാരെ സ്വാധീനിക്കാനും യുഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കാനും പര്യാപ്തമായിരുന്നു. വിജയം നേരിയ ഭൂരിപക്ഷത്തിനായതിനാൽ, ഇടതുസ്ഥാനാർഥി ആഗ്രഹിച്ച ഫലം വിഡിയോ പ്രദർശനത്തിനുണ്ടായെന്നു കരുതാം. അതേസമയം, ഈ ഹർജിയിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ എതിർസ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. മണ്ഡലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദ്, മൊയ്തീൻകുഞ്ഞ് എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കെ. ഏബ്രഹാം മാത്യു, സർവീസിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുൻപാണു സുപ്രധാന വിധി പറഞ്ഞത്. 

സീറ്റ് കിട്ടിയില്ല, വിമതനായി

മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ്,  ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ചാണു വിമതനായി മൽസരിക്കാനിറങ്ങിയത്. 2011ൽ ലീഗിലെ വി.എം. ഉമ്മർ 16,552 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് 2016ൽ ഇടതു സ്വതന്ത്രനായി മൽസരിച്ച കാരാട്ട് റസാഖ് 573 വോട്ടിന് അട്ടിമറിജയം നേടിയത്.

∙ 'പിന്നിൽ ലീഗിന്റെ രാഷ്ട്രീയ വിരോധം. നിരപരാധിത്വം സുപ്രീം കോടതിയിൽ തെളിയിക്കും.' - കാരാട്ട് റസാഖ്

കൊടുവള്ളി കൂടി കേസിൽപെട്ടു; 3 മണ്ഡലങ്ങൾ അനിശ്ചിതത്വത്തിൽ

അഴീക്കോട്

km-shaji
കെ.എം. ഷാജി

∙ അഴീക്കോട് (കണ്ണൂർ) ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതത്തിന്റെ പേരിൽ വോട്ടിന് ആഹ്വാനം ചെയ്തു, വ്യക്തിഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചു എന്നീ പരാതികളിലാണു വിലക്ക്. 6 വർഷത്തേക്കു മൽസരിക്കാനും അയോഗ്യത. ഷാജിയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനും റജിസ്റ്ററിൽ ഒപ്പുവയ്ക്കാനും സുപ്രീംകോടതിയുടെ അനുമതിയുണ്ട്. വോട്ടെടുപ്പിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ കഴിയില്ല. 

മഞ്ചേശ്വരം

PB-Abdul-Razak
പി.ബി. അബ്ദുൽ റസാഖ്

∙ മഞ്ചേശ്വരം (കാസർകോട്) എംഎൽഎ ആയിരുന്ന ലീഗിലെ പി.ബി. അബ്ദുൽ റസാഖിന്റെ നിര്യാണം മൂലം ഒഴിവ്. ബിജെപിയിലെ കെ.സുരേന്ദ്രനെതിരെ 88 വോട്ടിനാണ് അബ്ദുൽ റസാഖ് ജയിച്ചത്. നാട്ടിൽ ഇല്ലാത്തവരുടെ പേരിൽ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് സുരേന്ദ്രൻ ഹൈക്കോടതിയി‍ൽ നൽകിയ ഹർജിയിൽ തീർപ്പായിട്ടില്ല. അബ്ദുൽറസാഖിന്റെ നിര്യാണത്തോടെ കേസ് പിൻവലിക്കുമോ എന്നതു സംബന്ധിച്ചും അനിശ്ചിത്വമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA