അമ്മയുടെയും മകളുടെയും കൊലപാതകം: രണ്ടാം പ്രതിക്കും വധശിക്ഷ

rajendran-and-jomon
SHARE

തൊടുപുഴ ∙ വണ്ടിപ്പെരിയാറിൽ അമ്മയെയും (55) മകളെയും (22) പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ.  പീരുമേട് 57ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോനാണ് (38 ) വധശിക്ഷ. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ.കെ. സുജാത വിധി പ്രഖ്യാപിച്ചു.

30 കൊല്ലം കഠിനതടവും 50,000 രൂപ പിഴയും കൂടി ശിക്ഷയുണ്ട്. പീഡനത്തിന് 10 വർഷം കഠിനതടവും 25000 രൂപ പിഴയും.  ഭവനഭേദനത്തിന് 10 വർഷം തടവും 25000 രൂപ പിഴയും. കൊലപാതകത്തിന് 10 വർഷം കഠിനതടവും വധ ശിക്ഷയും എന്ന്  ഉത്തരവിൽ പറയുന്നു. എല്ലാ ശിക്ഷയും പ്രത്യേകം അനുഭവിക്കണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 12 മാസം കഠിനതടവു കൂടി അനുഭവിക്കണമെന്നും വിധിയിലുണ്ട്.

2007 ഡിസംബർ രണ്ടിന് രാത്രിയാണ് പീരുമേട് 57-ാം മൈൽ സ്വദേശികളായ അമ്മയും മകളും കൊല്ലപ്പെട്ടത്.   ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം  പുതുവൽതടത്തിൽ രാജേന്ദ്രനെ (58)നെ ഇതേ കോടതി 2012 ജൂൺ 20ന് വധശിക്ഷയ്ക്കു വിധിച്ചു.  ഇതിനെതിരെ രാജേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.  തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.  

രാജേന്ദ്രനും ജോമോനും  2007 ഡിസംബറിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ മുങ്ങിയ ജോമോനെ വീണ്ടും അറസ്റ്റ് ചെയ്യാനായത് 2012 ജൂണിലാണ്.  ഇതു മൂലമാണ് രണ്ടു പ്രതികളുടെയും വിചാരണയും ശിക്ഷയും തമ്മിൽ ഇത്രയും കാലവ്യത്യാസം വന്നത്.

രണ്ടു പ്രതികളും ചേർന്ന് വീട്ടിൽക്കയറി തോർത്തു കഴുത്തിൽ മുറുക്കി രണ്ടു സ്ത്രീകളെയും ബോധരഹിതരാക്കിയ ശേഷം പീഡിപ്പിച്ചെന്നും തുടർന്ന് മാരകായുധങ്ങൾ കൊണ്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നുമാണ് കേസ്. മൃതദേഹങ്ങളോടും പ്രതികൾ അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുമ്പോൾ യുവതിയുടെ ഏഴു മാസം പ്രായമുള്ള ആൺ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു.  പിറ്റേന്നു വൈകിട്ട് അഞ്ചു മണിയോടെ ഈ കുഞ്ഞ് മുട്ടിലിഴഞ്ഞ് മുറ്റത്ത് എത്തി. കുഞ്ഞിന്റെ ശരീരത്തിലെ ചോരപ്പാടുകൾ അതുവഴി നടന്നുപോയ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇ.എ. റഹീമാണ് സ്പെഷൽ പ്രോസിക്യൂട്ടർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA